തമിഴ്‌നാട്ടില്‍ 6 ദിവസം മുന്‍പ് മരിച്ച വ്യക്തിച്ച് സംസ്‌കാരചടങ്ങുകള്‍ നടത്തിയത് രണ്ട് മതാചാരപ്രകാരം. മരിച്ചയാളുടെ ഭാര്യമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് 2 മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടന്നത്. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരക്കുടി സ്വദേശിയായ അന്‍വര്‍ ഹുസൈന്‍( ബാലസുബ്രഹ്മണ്യന്‍55) ശവസംസ്‌കാര ചടങ്ങുകളാണ് ഹൈന്ദവ ഇസ്ലാമിക വിശ്വാസപ്രകാരം നടത്തിയത്.
അന്‍വര്‍ ഹുസൈന്റെ ആദ്യ ഭാര്യ ശാന്തിയും രണ്ടാം ഭാര്യ ഫാത്തിമയും തമ്മില്‍ ശവസംസ്‌കാര ചടങ്ങുകളെ സംബന്ധിച്ചുണ്ടായ തര്‍ക്കം കോടതിയിലെത്തിയിരുന്നു. അടിയന്തിര പ്രാധാന്യത്തോടെ കേസ് കേട്ട മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് 2 മതാചാരപ്രകാരവും സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ നിര്‍ദേശിച്ചത്. ഭരണഘടനയ്ക്ക് കീഴില്‍ ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതവിശ്വാസം തുടരാന്‍ മാത്രമല്ല മറ്റുള്ളവരുടെ മതപരമായ അവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കാത്ത വിധത്തില്‍ വിശ്വാസം പ്രകടിപ്പിക്കാനും മൗലികാവകാശമുണ്ടെന്ന് കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചു.
തമിഴ്‌നാട് സര്‍ക്കാറിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബസ് െ്രെഡവറായിരുന്ന ബലസുബ്രഹ്മണ്യന്‍ 2019 ല്‍ ആദ്യ ഭാര്യയായ ശാന്തിയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. എന്നാല്‍, ശാന്തി ഇതിനെതിരെ അപ്പീല്‍ നല്‍കുകയും പിന്നാലെ കോടതി വിവാഹമോചനം റദ്ദാക്കുകയും ചെയ്യുകയായിരുന്നു. ഈ സമയത്തിനിടെ ഫാത്തിമയെ വിവാഹം കഴിച്ച ബാലസുബ്രഹ്മണ്യന്‍ മതം മാറുകയും അന്‍വര്‍ ഹുസൈന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17നാണ് അന്‍വര്‍ ഹുസൈന്‍ മരിക്കുന്നത്. ഇതിന് പിന്നാലെ ഇയാളുടെ നിയമപരമായ ഭാര്യ താനാണെന്ന് കാട്ടി ശാന്തി പോലീസിനെ സമീപിക്കുകയായിരുന്നു. ഫാത്തിമയും ഇതേ അവകാശവാദം ഉന്നയിച്ചതോടെയാണ് ശവസംസ്‌കാരം നീളുകയും കേസ് ഹൈക്കോടതിയ്ക്ക് മുന്നിലെത്തുകയും ചെയ്തത്.
മൃതദേഹം ആദ്യം ശാന്തിക്ക് വിട്ടുനല്‍കി മതവിശ്വാസപ്രകാരം ആശുപത്രിയിലെ തുറന്ന സ്ഥലത്ത് വെച്ച് അരമണിക്കൂറിനുള്ളില്‍ ചടങ്ങുകള്‍ നടത്താനും ഇതിന് ശേഷം മൃതദേഹം ഫാത്തീമയ്ക്ക് നല്‍കാനുമാണ് കോടതി വിധി.