Air India: അഹമ്മദബാദ് വിമാന ദുരന്തത്തിനു പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ വിമാനം 900 അടി താഴേക്ക് പോയി; അന്വേഷണം !
Air India Flight: ജൂണ്‍ 14 നു പുലര്‍ച്ചെ 2.56 നാണ് ഈ വിമാനം ഡല്‍ഹിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്
Air India: നാടിനെ നടുക്കിയ അഹമ്മദബാദ് വിമാന ദുരന്തത്തിനു പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ വിമാനം വന്‍ സാങ്കേതിക തകരാര്‍ നേരിട്ടെന്ന് റിപ്പോര്‍ട്ട്. അഹമ്മദബാദ് ദുരന്തം സംഭവിച്ച് 38 മണിക്കൂര്‍ കഴിയും മുന്‍പാണ് ഡല്‍ഹിയില്‍ നിന്ന് വിയന്നയിലേക്ക് പറക്കുകയായിരുന്ന എഐ 187 എന്ന ബോയിങ് 777 വിമാനം അപകടത്തിന്റെ വക്കിലെത്തിയത്.
ജൂണ്‍ 14 നു പുലര്‍ച്ചെ 2.56 നാണ് ഈ വിമാനം ഡല്‍ഹിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. തൊട്ടുപിന്നാലെ ഒന്നിലേറെ അപകട മുന്നറിയിപ്പുകള്‍ ലഭിച്ചെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ വെളിപ്പെടുത്തലുകള്‍ അടക്കം ഉള്‍ക്കൊള്ളിച്ചുള്ള 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ടില്‍ പറയുന്നത്.
ടേക്ക് ഓഫ് പറക്കലിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് 900 അടി താഴ്ചയിലേക്ക് വിമാനം എത്തിയെന്നും പൈലറ്റുമാരുടെ ഇടപെടല്‍കൊണ്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം പറന്നുയര്‍ന്ന ഉടനെ സ്റ്റാള്‍ (Stall Warning) വാണിങ് ലഭിക്കുകയുണ്ടായി. തൊട്ടുപിന്നാലെ വിമാനം ഗ്രൗണ്ടുമായി അപകടകരമായ രീതിയില്‍ അടുക്കുന്നത് സൂചിപ്പിച്ചുകൊണ്ടുള്ള ഗ്രൗണ്ട് പ്രോക്‌സിമിറ്റി വാണിങ്ങും (GPWS) ലഭിച്ചു. ഗ്രൗണ്ട് പ്രോക്‌സിമിറ്റി വാണിങ് രണ്ട് തവണ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
' സ്റ്റിക് ഷേക്കര്‍, ഗ്രൗണ്ട് പ്രോക്‌സിമിറ്റി മുന്നറിയിപ്പുകള്‍ വിമാനത്തിനു ലഭിച്ചു. ടേക്ക് ഓഫിനു തൊട്ടുപിന്നാലെയാണ് സംഭവം. ഏകദേശം 900 അടി താഴേക്ക് വിമാനം പതിച്ചുകാണും,' അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. പൈലറ്റുമാരുടെ ഇടപെടല്‍ ഫലം കണ്ടതിനാല്‍ വലിയ അപകടം ഒഴിവാകുകയും വിമാനം വിയന്നയില്‍ ലാന്‍ഡ് ചെയ്യുകയുമായിരുന്നു.
അതേസമയം ഡല്‍ഹിയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ സാങ്കേതിക തടസം എന്നുമാത്രമാണ് പൈലറ്റുമാരുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സ്റ്റിക് ഷേക്കര്‍ മുന്നറിയിപ്പിനെ കുറിച്ച് മാത്രം പരാമര്‍ശിക്കുകയും ഗ്രൗണ്ട് പ്രോക്‌സിമിറ്റി വാണിങ് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ഡിജിസിഎയുടെ നിര്‍ദേശപ്രകാരം ഫ്‌ളൈറ്റ് ഡാറ്റ റിക്കോര്‍ഡര്‍ പരിശോധിച്ചപ്പോഴാണ് ഗ്രൗണ്ട് പ്രോക്‌സിമിറ്റി വാണിങ്ങിനെ കുറിച്ച് ബോധ്യമായത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും പൈലറ്റുമാരെ താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്നും എയര്‍ ഇന്ത്യ വക്താവ് ടൈംസ് ഓഫ് ഇന്ത്യയോടു പ്രതികരിച്ചു.
ജൂണ്‍ 12 നാണ് അഹമ്മദബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടത്. രാജ്യംകണ്ട ഏറ്റവും വലിയ ആകാശദുരന്തത്തില്‍ വിമാനത്തിലെ 241 യാത്രക്കാര്‍ അടക്കം 270 ലേറെ പേര്‍ മരിച്ചതായാണ് കണക്കുകള്‍.