Air India Plane Crash: 'ഇന്ധന നിയന്ത്രണ സ്വിച്ച് നീ ഓഫാക്കിയോ'; പൈലറ്റുമാരുടെ സംഭാഷണം പുറത്ത്
എന്‍ജിനിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ മാനുവല്‍ ആയി മാത്രമേ പ്രവര്‍ത്തിക്കൂ എന്നാണ് വിവരം
Air India Plane Crash report
Air India Plane Crash: അഹമ്മദബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ AAIB (എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ) റിപ്പോര്‍ട്ട് പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ടേക്ക് ഓഫിനു പിന്നാലെ എന്‍ജിനിലെ ഇന്ധന സ്വിച്ചുകള്‍ 'കട്ട്ഓഫ്' ആയെന്നാണ് ഇതില്‍ പറയുന്നത്. വിമാനം സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ 'റണ്‍' മോഡിലാണ് ഈ സ്വിച്ചുകള്‍ കിടക്കേണ്ടിയിരുന്നത്.
കോക്ക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ ഇതേ കുറിച്ച് സംസാരിച്ചതിന്റെ തെളിവുകളും ലഭിച്ചു. ' എന്‍ജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ നിങ്ങള്‍ ഓഫാക്കിയത് എന്തിനാണ്?' എന്ന് ഒരു പൈലറ്റ് ചോദിക്കുന്നുണ്ട്. ' ഞാനങ്ങനെ ചെയ്തിട്ടില്ല' എന്നാണ് സഹപൈലറ്റ് മറുപടി നല്‍കുന്നത്.
എന്‍ജിനിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ മാനുവല്‍ ആയി മാത്രമേ പ്രവര്‍ത്തിക്കൂ എന്നാണ് വിവരം. 'റണ്‍' മോഡില്‍ നിന്ന് 'കട്ട് ഓഫ്' മോഡിലേക്ക് എത്തിയാല്‍ വിമാനത്തിലേക്കുള്ള ഇന്ധനലഭ്യത തടസപ്പെടും. ഇതായിരിക്കാം അപകട കാരണമെന്നാണ് AAIB അനുമാനം.
സ്വിച്ചുകള്‍ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ടു പോകാനുള്ള കുതിപ്പ് നഷ്ടപ്പെട്ടു. പത്ത് സെക്കന്‍ഡുകള്‍ കഴിഞ്ഞ് ഒന്നാം എന്‍ജിന്റെയും നാലും സെക്കന്‍ഡുകള്‍ കഴിഞ്ഞ് രണ്ടാമത്തെ എന്‍ജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും വിമാനത്തിനു കുതിച്ചുയരാന്‍ സാധിച്ചില്ല. ഇത് വലിയ അപകടത്തിനു കാരണമായി.