അമർനാഥ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
അമർനാഥ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ജൂലായിൽ ഏഴ് അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ സൂത്രധാരനും ലഷ്കർ ഇ ത്വയ്ബ കമാൻഡറുമായ അബു ഇസ്മായില്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ നൗഗാമിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് പാകിസ്ഥാൻ സ്വദേശിയായ ഭീകരന്‍ കൊല്ലപ്പെട്ടത്.
ഭീകരവിരുദ്ധ പോരാട്ടത്തിൽ വലിയൊരു നേട്ടമാണ് ഇസ്മയിലിന്റെ വധമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. ഇയാള്‍ക്കൊപ്പം മറ്റു രണ്ടു ഭീകരര്‍ കൂടി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ജൂലൈയിൽ അനന്ത്നാഗിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചു സ്ത്രീകളടക്കം ഏഴുപേരാണു കൊല്ലപ്പെട്ടത്. ഏഴുപേർക്കു പരുക്കേറ്റു. രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. പൊലീസ് വാഹനത്തിനു നേരെയാണ് ആദ്യം ആക്രമണം നടത്തിയത്. പൊലീസുകാർ തിരികെ വെടിവച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തിന് സഹായം നൽകി ബിലാൽ അഹമദ് റെഷി, ഇസാജ് വാഗി, സഹൂർ അഹമദ് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.