ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ച എന്നിവരെ കോടതി ഒക്ടോബർ ഏഴ് വരെ കസ്റ്റഡിയിൽ വിട്ടു. ആര്യൻ ഖാനെ 11 വരെ വിട്ടുകിട്ടണമെന്നായിരുന്നു എൻസിബി കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.പ്രതികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ലഹരിമരുന്ന് നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞു.
അഭിഭാഷകനായ സതീഷ് മനീഷ് ഷിന്‍ഡെയാണ് ആര്യന് വേണ്ടി ഹാജരായത്. തന്റെ കക്ഷിയില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. അന്താരാഷ്ട്ര ലഹരിസംഘവുമായി ബന്ധമുണ്ടെന്ന് വാട്‌സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ആരോപിക്കപ്പെടുന്നത്. ഇതിന് തെളിവില്ലെന്നും കോടതിയ്ക്ക് ചാറ്റുകൾ പരിശോധിക്കാമെന്നും പ്രതിഭാഗം വ്യക്തമാക്കി.
3 പ്രതികളിൽ നിന്നും ആകെ ഹാഷിഷാണ് കണ്ടെടുത്തതെന്നും ആരില്‍നിന്നാണ് ഇത് കണ്ടെടുത്തതെന്ന് റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം ശ്രേയസ് നായര്‍ എന്നയാളാണ് ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റിനും ലഹരിമരുന്ന് എത്തിച്ചുനല്‍കിയതെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറയുന്നു. ലഹരിമരുന്ന് പാർട്ടിയിൽ ഇയാളും പങ്കെടുക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും മറ്റ് കാരണങ്ങൾ കൊണ്ട് ഇയാൾ യാത്ര ഒഴിവാക്കുകയായിരുന്നു.
അതേസമയം കോര്‍ഡെലിയ ക്രൂയിസില്‍ യാത്രചെയ്തവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാൻ എൻസിബി തീരുമാനിച്ചു. റെയ്ഡ് നടക്കുന്ന സമയം കപ്പലിലുണ്ടായിരുന്നവരെ അന്വേഷണസംഘം ചോദ്യംചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.