ഒരു രാജ്യം, ഒരു ഭാഷ എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘ഹിന്ദി ദിവസ്’ അഭിപ്രായ പ്രകടനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കന്നഡ കർണാടകയിലെ പ്രധാന ഭാഷയാണെന്നും സംസ്ഥാനം അതിന്റെ പ്രാധാന്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
“നമ്മുടെ രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണ്. എന്നിരുന്നാലും, കർണാടകയെ സംബന്ധിച്ചിടത്തോളം കന്നഡയാണ് പ്രധാന ഭാഷ. ഞങ്ങൾ ഒരിക്കലും അതിന്റെ പ്രാധാന്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല‘- യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.
എല്ലാ വർഷവും സെപ്റ്റംബർ 14- ന് കേന്ദ്ര സർക്കാർ ആഘോഷിക്കുന്ന ഹിന്ദി ദിവസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യത്ത് ഒരു ഏകീകൃത ഭാഷ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എടുത്തു പറഞ്ഞിരുന്നു, ഹിന്ദിയെ രാജ്യത്തിന്റെ ദേശീയ ഭാഷയാക്കുന്നതിന് ഊന്നൽ നൽകുകയും ചെയ്തു.
എന്നാൽ, അമിത് ഷായുടെ അഭിപ്രായത്തോട് എതിർപ്പ് രേഖപ്പെടുത്തി കേരളവും തമിഴ്നാടും നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കർണാടകയും തങ്ങളുടെ നിലപാട് അറിയിച്ചത്.