യുദ്ധഭ്രാന്തെന്ന് വരുത്തിതീർക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് പാകിസ്ഥാൻ; സുൻജ്വാൻ ഭീകരാക്രമണത്തിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുത്തു
'ഞങ്ങളല്ല'- നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ
ആറു പേരുടെ മരണത്തിനിടയാക്കിയ ജമ്മു കശ്മീരിലെ സുൻജ്വാൻ കരസേന ക്യാംപിൽ നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുത്തു. ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിൽ പങ്കില്ലെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കി.
ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണമാണ് പാകിസ്ഥാൻ നിഷേധിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് മുൻപ് തന്നെ ഇന്ത്യ കുറ്റം തങ്ങളുടെ മേൽ കെട്ടിച്ചമയ്ക്കാനുള്ള ശ്രമമാണ് ചെയ്യുന്നതെന്ന് പാകിസ്ഥാൻ ആരോപിച്ചു. തങ്ങൾക്കെതിരെ പ്രചാരണം നടത്തുന്ന ഇന്ത്യ, ഞങ്ങൾക്ക് യുദ്ധഭ്രാന്താണെന്ന് പറഞ്ഞു പരത്തുകയാണെന്നും പാക്ക് വിദേശകാര്യ വക്താവ് ആരോപിച്ചു.
ഇന്ത്യൻ മാധ്യമങ്ങളിൽ പാക്കിസ്ഥാനെതിരെ നടത്തുന്ന പ്രചരണങ്ങൾ ശരിയല്ലെന്നും അവർ പറഞ്ഞു. ഇന്ത്യയുടെ ആരോപണങ്ങൾ തെറ്റാണെന്നും പാക്കിസ്ഥാനെ മനപൂർവം കരിവാരിതേയ്ക്കുകയാണെന്നും രാജ്യാന്തരസമൂഹം മനസിലാക്കുമെന്നും വക്താവ് പറഞ്ഞു.
അത്യാധുനിക ആയുധശേഖരവുമായി തീവ്രവാദികള്‍ സൈനിക ക്യാമ്പിലേക്ക് നുഴഞ്ഞുകയറിയതിനെ കടുത്ത സുരക്ഷാവീഴ്ചയായിട്ടാണ് എന്‍ഐഎയും ആഭ്യന്തരമന്ത്രാലയവും വിലയിരുത്തിയിരിക്കുന്നത്. ജമ്മു– പഠാൻകോട്ട് ബൈപാസിനോടു ചേർന്നുള്ള ഇൻഫൻട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാംപിലേക്കാണു സൈനിക വേഷത്തിൽ കനത്ത ആയുധശേഖരവുമായി ഭീകരർ ഇരച്ചുകയറിയത്. ആക്രമണത്തിൽ ആറ് ജവാന്മാരെയാണ് ഇന്ത്യക്ക് നഷ്ടമായത്.