ക്രിക്കറ്റ് താരങ്ങളായ ധോണിയും കോലിയും രോഹിത്തും ക്ഷണം ലഭിച്ചിട്ടും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശനം. സോഷ്യല്‍ മീഡിയകളിലൂടെ നിരവധിപേരാണ് താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ എത്തിയിരുന്നു. ക്രിസ്മസ് ആഘോഷിക്കാമെന്നും പക്ഷെ രാമക്ഷേത്രത്തിലേക്കു പോകാന്‍ പറ്റില്ലെന്നും ഇത് ലജ്ജാകരമാണെന്നും ഒരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
താരങ്ങളെ ടാഗ് ചെയ്താണ് വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യന്‍ താരങ്ങളോട് ഡേവിഡ് വാര്‍ണറെയെങ്കിലും കണ്ടുപഠിക്കാന്‍ ഒരാള്‍ ഉപദേശിച്ചു. വാര്‍ണറുടെ രാമക്ഷേത്ര പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് ആരാധകന്റെ ഉപദേശം. ജീവിതകാലത്തെ ഏറ്റവും വലിയ അവസരമാണ് താരങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് മറ്റൊരു ആരാധകന്‍ പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതിന് മോഹന്‍ലാലും വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു. മോഹന്‍ലാലിന് ക്ഷണമുണ്ടായിട്ടും രാമ ക്ഷേത്ര ചടങ്ങില്‍ പങ്കെടുത്തില്ലെന്നും അതിനാല്‍ വാലിബന്‍ ബഹിഷ്‌കരിക്കുമെന്നും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകള്‍ ഉയരുകയാണ്. മലൈക്കോട്ടെ വാലിബന്റെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ പങ്കുവെച്ച ഒരു പോസ്റ്റിനു താഴെയാണ് സിനിമ ബഹിഷ്‌കരിക്കുന്നതായുള്ള കമന്റുകള്‍ ആദ്യം വന്നത്. മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി തിയറ്ററില്‍ പോയി കാണില്ലെന്നും പറഞ്ഞ് നിരവധിപേര്‍ കമന്റുമായെത്തി. പോസ്റ്റിനു താഴെ അനുകൂലവും പ്രതികൂലവുമായ നിരവധി കമന്റുകള്‍ വന്നു. സംഘികള്‍ സിനിമ ബഹിഷ്‌കരിക്കുന്നതോടെ വാലിബന്‍ ഹിറ്റാകുമെന്ന് കുറച്ചുപേര്‍ പറഞ്ഞു. ഈ മാസം 25നാണ് വാലിബന്‍ തിയേറ്ററില്‍ എത്തുന്നത്.