കേന്ദ്രത്തിന്റെ ആയുഷ്‌മാൻ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി കടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ആയുഷ്‌മാൻ ഭാരതിന്റെ ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി കടന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.മേഘാലയയില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ പൂജാ ഥാപയാണ് പദ്ധതിയിലെ കോടിഅംഗം.പ്രധാനമന്ത്രി ഇവരെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു.
പദ്ധതിയുടെ പ്രയോജനങ്ങളെ പറ്റി സംസാരിച്ച പ്രധാനമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരെ അഭിനന്ദിച്ചു.പദ്ധതിയുടെ ഗുണഫലം രാജ്യത്തിന്റെ ഏത് ഭാഗത്തും പ്രയോജനപ്പെടുത്താം എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ 107.4 ദശലക്ഷം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള കേന്ദ്രത്തിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ ഭാരത് പദ്ധതിക്ക് സെപ്റ്റംബര്‍ 23 ന് റാഞ്ചിയിലാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.അഞ്ചുലക്ഷം വരെ ചികിത്സാസഹായം പദ്ധതി വഴി ഗുണഭോക്താവിന് ലഭിക്കും.