ബാബറി മസ്ജിദ് കേസ്: അദ്വാനിയും ജോഷിയും വിചാരണ നേരിടണം, ഗൂഢാലോചന കുറ്റം സുപ്രീം കോടതി പുനസ്ഥാപിച്ചു
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണം
ബാബറി മസ്ജിദ് തകർത്ത കേസില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാ ഭാരതിയും ഉള്‍പ്പെടെ 13 ബിജെപി നേതാക്കള്‍ പതിനാറാം നൂറ്റാണ്ടിലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്ക് വിചാരണ നേരിടണമെന്ന സിബിഐയുടെ ആവശ്യത്തിലാണ് സുപ്രീം കോടതി ഈ വിധി പ്രസ്താവിച്ചത്.
ഇതോടെ, ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു. അതേസമയം ഈ കുറ്റത്തിൽനിന്ന് കല്യാൺ സിങ്ങിനെ കോടതി ഒഴിവാക്കിയിട്ടുണ്ട്. റായ്ബറേലി കോടതിയിലുള്ള കേസുകള്‍ ലക്‌നൗ കോടതിയിലേക്ക് മാറ്റാനും സുപ്രീം കോടതി ഉത്തരവിട്ടു. കേസിന്‍റെ വിചാരണ രണ്ടു വർഷത്തിനുള്ളിൽ ലക്നൗ കോടതി പൂർത്തിയാക്കണമെന്നും പരമോന്നത കോടതി ഉത്തരവിട്ടു.
1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കര്‍സേവകര്‍ക്ക് എതിരെയുള്ള പ്രധാന കേസിന്റെ വിചാരണ ലക്‌നൗ കോടതിയിലാണ് നടന്നുവരുന്നത്. ഈ കോടതിയിലേക്ക് റായ്ബറേലിയിലെ കേസ് കൂടി മാറ്റാനാണ് സുപ്രീം കോടതി ഉത്തരവ്. ഇടവേളകളില്ലാതെയാണ് കേസ് പരിഗണിക്കേണ്ടതെന്നും കേസ് പരിഗണിക്കുന്ന ജസ്റ്റിസിന് സ്ഥലം മാറ്റം നല്‍കരുതെന്നും കോടതി ഉത്തരവിട്ടു.