ബിജെപി എന്നാല്‍ ബീഫ് ജോയ് പാര്‍ട്ടിയെന്നാണോ: വിഎച്ച്പി
ബീഫ് അനുകൂല പ്രസ്താവന നടത്തിയ ഗോവ മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിഎച്ച്പി
ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത്. ഗോവയിലെ ബീഫ് ലഭ്യതയുമായി ബന്ധപ്പെട്ട് മനോഹര്‍ പരീക്കര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരിക്കുന്നത്.
ബിജെപിയുടെ മുഖച്ഛായ തന്നെ പരീക്കര്‍ നഷ്ടപ്പെടുത്തിയെന്നും പരീക്കര്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും വിഎച്ച്പി നേതാവ് ഡോ സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സംസാരിക്കവേ ഗോവയില്‍ ബീഫിന് ഒരിക്കലും ക്ഷാമമുണ്ടാകില്ലെന്നും അഥവാ ക്ഷാമമുണ്ടായാല്‍ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുമെന്നുമായിരുന്നു മനോഹര്‍ പരീക്കര്‍ പറഞ്ഞത്.
എന്നാല്‍ പരീക്കറിന്റെ പ്രസ്താവനയോടെ ബിജെപി എന്നത് ബീഫ് ജോയ് പാര്‍ട്ടി എന്നായി മാറിയിരിക്കുകയാണെന്ന് വിഎച്ച്പി കുറ്റപ്പെടുത്തി. ബിജെപിയുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ എത്രയും പെട്ടെന്ന് തന്നെ പരീക്കര്‍ രാജിവെക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.