ബെംഗളുരുവില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുള്‍പ്പടെ ആയിരത്തിലധികം ആളുകളുടെ പണവുമായാണ് ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയും ഒളിവില്‍ പോയത്. ബെംഗളുരു രാമമൂര്‍ത്തി നഗറില്‍ എ & എ ചിട്ടി ഫണ്ട്‌സ് എന്ന സ്ഥാപന ഉടമകളായ ഇവര്‍ 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.
കഴിഞ്ഞ 20 വര്‍ഷമായി ചിട്ടി നടത്തുന്ന സ്ഥാപനത്തിന് വലിയ വിശ്വാസ്യതയുണ്ടായിരുന്നു. ആരാധാനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ നിക്ഷേപങ്ങള്‍ വാങ്ങിയിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഒവരെ കുറിച്ച് വിവരങ്ങള്‍ ലഭിക്കാതെ വന്നത്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റടക്കം വില്പന നടത്തിയാണ് ഇരുവരും കടന്നുകളഞ്ഞത്. ഇക്കാര്യം കമ്പനിയിലെ ജീവനക്കാരാരും അറിഞ്ഞില്ലെന്ന് അവിടെ കോലി ചെയ്തിരുന്ന ഒരു ജീവനക്കാരി വ്യക്തമാക്കി.നിലവില്‍ 256 പരാതികളാണ് കമ്പനിക്കെതിരെ ലഭിച്ചിട്ടുള്ളത്. പ്രതികള്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്നുള്ള സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. കമ്പനിക്ക് 1300 ഓളം ഇടപാടുകാരുള്ളതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരാനാണ് സാധ്യതകള്‍. പരാതി നല്‍കിയവരില്‍ ഭൂരിഭാഗവും മലയാളികളാണ്.ബാങ്ക് പലിശയേക്കാള്‍ കൂടുതല്‍ പലിശ നല്‍കിയാണ് ചിട്ടി ഉടമകള്‍ നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വരെയും നിക്ഷേപകര്‍ക്ക് പലിശയിനത്തില്‍ നല്‍കാനുള്ള പണം കൃത്യമായി നല്‍കിയതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല.