ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി, രേഖകൾ കേന്ദ്രത്തിന് കൈമാറി, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
ബിനോയ് വിദേശത്തേക്ക് ഉൾപ്പെടെ കടക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് ഇമിഗ്രേഷൻ സ്പെഷ്യൽ ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ബീഹാര്‍ സ്വദേശിനിയായ യുവതി നൽകിയ ലൈംഗിക പീഡനക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരിക്കതിരെ മുംബൈ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. ബിനോയ് വിദേശത്തേക്ക് ഉൾപ്പെടെ കടക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് ഇമിഗ്രേഷൻ സ്പെഷ്യൽ ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബിനോയിയെ തിരഞ്ഞു കേരളത്തിലെത്തിയ മുംബൈ പൊലീസ് സംഘം വെറും കയ്യോടെ മടങ്ങിയതിന് പിന്നാലെയാണ് നടപടി. ലുക്ക് ഔട്ട് നോട്ടീസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ ഭാഗമായി കേസ് സംബന്ധിച്ച എല്ലാ രേഖകളും മുംബൈ പോലീസ് കേന്ദ്ര സർക്കാരിനു കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് എമിഗ്രേഷൻ സ്പെഷ്യൽ ബ്രാഞ്ചിന്റെ നടപടി.
എന്നാൽ, ബിനോയ് കോടിയേരിയുടെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് സൂചന. നാളെ ഉച്ചകഴിഞ്ഞ് ബിനോയ് കോടിയേരിയുടെ ജാമ്യ ഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ ഇതിൽ തീരുമാനം ആകുന്നത് വരെ അറസ്റ്റ് നടപടികൾ ഉണ്ടാകില്ലെന്നാണ് വിവരം. എന്നാൽ ജാമ്യാപേക്ഷ കോടതി തള്ളുന്ന പക്ഷം ഉടൻ അറസ്റ്റു ചെയ്യാനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അന്വേഷണസംഘത്തിന് ഉന്നത നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് മനോരമ റിപ്പോർട്ട് പറയുന്നു.
അതിനിടെ, യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു മുംബൈ പൊലീസ് അറിയിച്ചു. ഇതിനായി ഓഷിവാര പൊലീസ് കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
അടുത്ത ആഴ്ച തന്നെ നടപടികൾ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ ഓഷിവാര സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ ശൈലേഷ് പാസൽവാർ പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തിയാൽ പരാതിയിൽനിന്ന് പിൻമാറാനോ മൊഴി മാറ്റുവാനോ പരാതിക്കാരിക്ക് ആകില്ല. ഒത്തുതീർപ്പ് ശ്രമങ്ങൾ അന്തരീക്ഷത്തിൽ വീണ്ടും സജീവമായെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പൊലീസ് നീക്കം.
സിആർപിസി 164 വകുപ്പ് പ്രകാരം വനിതാമജിസ്ട്രേറ്റിനു മുൻപിൽ യുവതി രഹസ്യമൊഴി നൽകും. തന്നെ ബ്ലാക്ക് മെയിലിങ് ചെയ്ത് പണം തട്ടുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലെന്നും വൈരുദ്ധ്യങ്ങൾ ഇതിന് തെളിവാണെന്നുമുള്ള ബിനോയിയുടെ വാദങ്ങൾ മറികടക്കാനും യുവതിയുടെ രഹസ്യമൊഴി വഴിയൊരുക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ബിനോയിയെ തിരഞ്ഞു കേരളത്തിലെത്തിയ മുംബൈ പൊലീസ് സംഘം തിരിച്ച് മുംബൈയിലെത്തിയെങ്കിലും കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു.