പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായ സാഹര്യത്തിൽ ജനരോഷം തണുപ്പിക്കാൻ 10 ദിവസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾക്ക് ഒരുങ്ങി ബിജെപി. പൗരത്വ ബില്ലിനെ കുറിച്ചും, ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ചും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ട് എന്നും ഇക്കാര്യങ്ങളിൽ ജനങ്ങൾക്ക് വ്യക്തത നൽകേണ്ടതുണ്ട് എന്നും ബിജെപി സെക്രട്ടറി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
അടുത്ത പത്ത് ദിവസത്തിൽ രാജ്യവ്യാപകമായി പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം. ഇതിനായി വലിയ തുക തന്നെ ചിലവഴിക്കും. വീടുകൾതോറും കയറിയിറങ്ങി പൗരത്വ ഭേതഗതി നിയമത്തെ കുറിച്ചും, ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ചും വിശദീകരിക്കും. ഇതുസംബന്ധിച്ച് പാർട്ടി കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി കഴിഞ്ഞു.
പൗരത്വ ഭേതഗതി നിയമത്തെ അനുകൂലിച്ച് 1000 റാലികൾ സംഘടിപ്പിക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് കാര്യങ്ങൾ വിശദീകരിക്കും. രാജ്യവ്യാപകമായി 300 വാർത്താ സമ്മേളനങ്ങൾ നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.