റായ്‌ബറേലിയിലെ വികസനമില്ലായ്മയ്ക്ക് കാരണം കുടുംബാധിപത്യമാണെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാത്രം വിജയിച്ചുവന്ന റായ്‌ബറേലിയില്‍ സ്വാതന്ത്ര്യത്തിനുശേഷം വികസനം എത്തിനോക്കിയിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.
റായ്‌ബറേലി ഒരു കുടുംബാധിപത്യത്തിന്‍റെ ഇരയാണ്. കുടുംബാധിപത്യത്തില്‍ നിന്ന് റായ്‌ബറേലിയെ ബി ജെ പി മോചിപ്പിക്കും. വികസനത്തിന്‍റെ പാതയിലേക്ക് നയിക്കുകയും ചെയ്യും. അത് പറയാനാണ് ഞാന്‍ ഇവിടെ വന്നത് - അമിത് ഷാ പറഞ്ഞു.
തീവ്രവാദ കേസുകളുമായി ബന്ധപ്പെടുത്തി ഹിന്ദുക്കളെ അപമാനിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിച്ചത്. കാവി ഭീകരതെയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിച്ചുനടക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി ഇതിന് മാപ്പുപറയണം. മാപ്പുപറയുന്നതിനായി എത്രതവണ കുമ്പിടണമെന്ന് രാഹുലിന് തീരുമാനിക്കാമെന്നും അമിത് ഷാ പരിഹസിച്ചു.
മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ അസീമാനന്ദയെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെപ്പറ്റി പരാമര്‍ശിക്കവേയാണ് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടത്.