അമൃത്സറില്‍ ബോംബ് സ്‌ഫോടനം: ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്
നേരത്തെ കുഴിച്ചിട്ട് സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു തിരിച്ചെടുക്കാന്‍ വന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം.
അമൃത്സറില്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മരിച്ചത് ഖാലിസ്ഥാന്‍ ഭീകരവാദിയെന്ന് പോലീസ് സംശയിക്കുന്ന ഒരാളാണ്. ബബ്ബര്‍ ഖല്‍സ എന്ന സംഘടനയുടെ ഭാഗമാണിയാളെന്നാണ് പൊലീസ് നിഗമനം. നേരത്തെ കുഴിച്ചിട്ട് സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു തിരിച്ചെടുക്കാന്‍ വന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം.
സംഭവം അറിഞ്ഞ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം ഭീകരതയ്‌ക്കെതിരെ പാകിസ്ഥാന്‍ ജനത മുന്നോട്ട് ഇറങ്ങണമെന്നും എന്നാല്‍ സമാധാനത്തോടെ ഭക്ഷണം കഴിച്ചു ജീവിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗുജറാത്ത് പാക് അതിര്‍ത്തിയായ കച്ചിലെ പൂജില്‍ അമ്പതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഭീകരത നിങ്ങളുടെ സര്‍ക്കാരിനും സൈന്യത്തിനും ധനത്തിനുള്ള മാര്‍ഗമാണ്. ഇതിനെതിരെ നിങ്ങള്‍ മുന്നോട്ട് വരണം. അപ്പോള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ഭക്ഷണം കഴിച്ച് ജീവിക്കാം. അല്ലെങ്കില്‍ എന്റെ വെടിയുണ്ട നേരിടേണ്ടി വരും- എന്ന് മോദി മുന്നറിയിപ്പ് നല്‍കി. ഇന്ത്യ വിനോദസഞ്ചാരത്തില്‍ വിശ്വസിക്കുമ്പോള്‍ പാകിസ്ഥാന്‍ ഭീകരതയാണ് വിനോദസഞ്ചാരം എന്ന് കരുതുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഞാന്‍ പാക് ജനതയോട് ചോദിക്കുകയാണ്, നിങ്ങള്‍ എന്തു നേടി, ഇന്ത്യ ലോകത്തിന്റെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞു നിങ്ങളുടെ സ്ഥിതി എന്താണ്, ഭീകരതയെ പ്രോത്സാഹിപ്പിച്ചാല്‍ നിങ്ങളുടെ ഭാവിയാണ് നശിക്കുന്നതെന്നും മോദി പറഞ്ഞു.