ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിനു തിങ്കളാഴ്ച തുടക്കമാവും. ധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ 23 ചൊവ്വാഴ്ച അവതരിപ്പിക്കുന്ന പുതിയ ബജറ്റിൽ ആദായ നികുതിയില്‍ ഇളവ് നല്‍കുന്നത് ഉൾപ്പെടെയുള്ള പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് പ്രതീക്ഷ. അതേ സമയം സാധാരണക്കാർ, പാവപ്പെട്ടവർ എന്നിവരെ പരിഗണിക്കാതെയാണെന്ന് ബജറ്റ് തയാറാക്കിയതെന്ന ആരോപണവുമായി കോൺഗ്രസ് എത്തിയിട്ടുണ്ട്.
നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രി ആയതിനു ശേഷമുള്ള ആദ്യ ബജറ്റാണ് ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക.
ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചു വിജയം ഉണ്ടാകാത്ത സാഹചര്യത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
2024 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും പ്രഖ്യാപനങ്ങൾ ഉണ്ടാകും. ഇതിനൊപ്പം ബിഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമോ എന്നും ജനം നോക്കുന്നുണ്ട്.