നോട്ട് അസാധുവാക്കൽ; ആസൂത്രണത്തിലും നടപ്പാക്കലിലും സർക്കാർ ദയനീയമായി പരാജയപ്പെട്ടു: ഡോ. സുദീപ്തോ മണ്ഡൽ
നോട്ട് അസാധുവാക്കൽ: പിഴച്ചത് ആസൂത്രണം; പ്രത്യാഘാതം തുടരില്ല
നോട്ട് അസാധുവാക്കൽ നടപടിക്കു ഇനിയും നീണ്ടുനിൽക്കുന്ന തരത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാകില്ലെന്നു പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ. സുദീപ്തോ മണ്ഡൽ വ്യക്തമാക്കുന്നു. എന്നാൽ, ഇതിനോടകം അതുമൂലം സാധാരണ ജനങ്ങൾക്ക് ഒട്ടേറെ ദുരിതം സഹിക്കേണ്ടിവന്നു.
ഗ്രാമീണ, കാർഷിക മേഖലകൾ, ചെറുകിട വ്യവസായ മേഖല, കുറഞ്ഞ വരുമാനക്കാരായ ജോലിക്കാർ തുടങ്ങിയവരെയാണു നോട്ട് പിൻവലിക്കൽ പ്രതികൂലമായി ബാധിച്ചത്. സാമ്പത്തിക വളർച്ചയെയും അതു പിന്നോട്ടടിച്ചു. നോട്ടുകളുടെ ദൗർലഭ്യമായിരുന്നു വലിയ പ്രതിസന്ധി സൃഷ്ടിച്ചത്.
വേണ്ടത്ര മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പിന്നോട്ടായിരുന്നു. ആസൂത്രണത്തിലും നടപ്പാക്കലിലും സർക്കാർ ദയനീയമായി പരാജയപ്പെട്ടു. ആവശ്യത്തിനു പുതിയ നോട്ടുകൾ അച്ചടിക്കുകയും അവ ലഭ്യമാക്കാൻ കഴിയുംവിധം എ ടി എമ്മുകൾ പുനഃക്രമീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ നോട്ട് പിൻവലിക്കൽ ജനങ്ങൾക്കു ദുരിതമായി മാറില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ആവശ്യത്തിനു പുതിയ നോട്ടുകൾ ലഭ്യമായിത്തുടങ്ങിയതോടെ പ്രശ്നങ്ങൾ ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞു. കഴിഞ്ഞ വർഷം മേയ് മുതൽ ഇക്കാര്യം സർക്കാർ ആലോചിച്ചതാണ്. താങ്കളാണു പ്രധാനമന്ത്രിയെങ്കിൽ നോട്ടു പിൻവലിക്കലിന്റെ ദുരിതം കുറയ്ക്കാൻ എന്തു നടപടി സ്വീകരിക്കുമായിരുന്നുവെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.