Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച മതപരമായ ശിക്ഷയുടെ ഭാഗമായി സുവര്‍ണ ക്ഷേത്രത്തിന്റെ കവാടത്തിനു മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദല്‍

Bullets Fired At Sukhbir Singh Badal

രേണുക വേണു

, ബുധന്‍, 4 ഡിസം‌ബര്‍ 2024 (10:34 IST)
Bullets Fired At Sukhbir Singh Badal

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ വെച്ച് ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വധശ്രമം. സുവര്‍ണ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ വെച്ച് ഖലിസ്ഥാന്‍ അനുകൂല സംഘടന അംഗം നാരായണന്‍ സിങ് ചോര്‍ഹയാണ് സുഖ്ബീര്‍ സിങ്ങിനെതിരെ വെടിയുതിര്‍ത്തത്. നാരായണന്‍ സിങ് ചോര്‍ഹ തോക്ക് ചൂണ്ടിയപ്പോഴേക്കും സുഖ്ബീര്‍ സിങ്ങിനൊപ്പം ഉള്ളവര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി. തോക്ക് ഉപയോഗിച്ച് ഒന്നിലേറെ തവണ വെടിയുതിര്‍ത്തെങ്കിലും ആളപായമില്ല. 
 
സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച മതപരമായ ശിക്ഷയുടെ ഭാഗമായി സുവര്‍ണ ക്ഷേത്രത്തിന്റെ കവാടത്തിനു മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദല്‍. ഇതിനിടയിലാണ് അക്രമി സുവര്‍ണ ക്ഷേത്രത്തിലെത്തി വെടിയുതിര്‍ക്കാന്‍ ശ്രമിച്ചത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇന്നലെയും അക്രമി സുവര്‍ണ ക്ഷേത്രത്തില്‍ എത്തിയിരുന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ ഹര്‍പാല്‍ സിങ് പറഞ്ഞു. 
മതപരമായ ദുരാചാരത്തിന്റെ പേരിലാണ് സുഖ്ബീര്‍ സിങ് ബാദലിനു അകാല്‍ തഖ്ത് ശിക്ഷ വിധിച്ചത്. ശിക്ഷയുടെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ കഴുത്തില്‍ ഫലകവും കൈയില്‍ കുന്തവുമായി സുവര്‍ണ ക്ഷേത്രത്തില്‍ തപസിരിക്കുകയാണ് സുഖ്ബീര്‍ സിങ്. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, സുവര്‍ണ ക്ഷേത്രത്തില്‍ രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം, ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങള്‍ ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ബാദലിനുമേല്‍ ചുമത്തിയത്. 2007 മുതല്‍ 2017 വരെ പത്ത് വര്‍ഷം പഞ്ചാബ് ഉപമുഖ്യമന്ത്രിയായിരുന്നു ബാദല്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി