പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച് ചേർത്ത് സർവകക്ഷി യോഗം അവസാനിച്ചു. സംയുക്ത പ്രക്ഷോഭത്തിന് തുടര്‍ച്ച വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഭരണഘടനാ സംരക്ഷണത്തിന് ഒരു കുടക്കീഴിൽ അണിനരന്ന് കൊണ്ടുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാകണമെന്നും അതിന് വേണ്ടിയാണ് സര്‍വകക്ഷിയോഗം വിളിച്ചതെന്നും സർക്കാർ അറിയിച്ചു.
തുടര്‍ പ്രക്ഷോഭങ്ങള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ചര്‍ച്ച നടത്തി തീരുമാനിക്കും. കക്ഷി ഭേദമില്ലാതെ ഭരണഘടനാ ലംഘനത്തിനെതിരെ അണിനിരക്കണം. അതുകൊണ്ട് തന്നെ ഒറ്റക്കെട്ടായി ഒരു കുടക്കീഴിൽ അണിനിരന്ന് കൊണ്ടുള്ള പ്രക്ഷോഭമാണ് ആവശ്യമെന്നും സര്‍വകക്ഷിയോഗത്തിന് മുമ്പ് എകെ ബാലൻ പ്രതികരിച്ചു.
പതിനൊന്ന് മണിയോടെയാണ് മസ്കറ്റ് ഹോട്ടലിൽ യോഗം ആരംഭിച്ചത്. യോഗത്തിൽ പങ്കെടുത്തെ ബിജെപി പ്രതിനിധികൾ പ്രതിഷേധമറിയിച്ച് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഉച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മതസംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.