സ്വകാര്യ വാര്‍ത്താ ചാനലുകള്‍ക്ക് സുപ്രധാന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. പ്രകൃതിക്ഷോഭങ്ങളും വലിയ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഈ റിപ്പോര്‍ട്ടിനൊപ്പം ദുരന്തം നടന്ന തീയതി, സ്ഥലം,സമയം എന്നിവ സംബന്ധിച്ച വിവരങ്ങളും ദൃശ്യങ്ങളില്‍ നല്‍കണമെന്നാണ് കേന്ദ്രനിര്‍ദേശം.
പ്രകൃതിക്ഷോഭങ്ങളുടെയും വലിയ അപകടങ്ങളുടെയും പശ്ചാത്തലത്തില്‍ ചാനലുകള്‍ പഴയ വീഡിയോ ദൃശ്യങ്ങളും ഇതിനൊപ്പം ദീര്‍ഘകാലം സംപ്രേക്ഷണം ചെയ്യുന്നത് യാഥാര്‍ഥ്യത്തെ വളച്ചൊടിക്കുന്നതും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതുമാണെന്ന് സര്‍ക്കാര്‍ പറയുന്നു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്.
കാഴ്ചക്കാര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ ഏതെങ്കിലും പ്രകൃതിദുരന്തത്തിന്റെയോ അപകടത്തിന്റെയോ ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ ഇവ നടന്ന തീയ്യതിയും സ്ഥലവും സമയവും കൂടി വാര്‍ത്താ ചാനലുകള്‍ ഇനി നല്‍കേണ്ടതായി വരും. അടുത്തിടെ കേരളത്തിലെ വയനാട്,കര്‍ണാടകയിലെ ഷിരൂര്‍,ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഉണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ണായക നിര്‍ദേശം.