ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ലൈംഗികമായി പീഡിപ്പിച്ചു; 22 ജഡ്ജിമാർക്കു മുമ്പിൽ മുൻ ജീവനക്കാരിയുടെ സത്യവാങ്മൂലം
സ്‌ക്രോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി സുപ്രീം കോടതി മുന്‍ ജീവനക്കാരി. 35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് ഇന്നലെ കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. സ്‌ക്രോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്റെ അരക്കെട്ടില്‍ കയറിപ്പിടിച്ചു, കെട്ടിപ്പിടിച്ചു, ശരീരഭാഗങ്ങളില്‍ മുഴുവന്‍ തൊട്ടു. ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും പോകാനനുവദിക്കാതെ ബലമായി എന്നെ പിടിച്ചുനിര്‍ത്തി – കവറിംഗ് ലെറ്ററുമായി നല്‍കിയ സത്യവാങ്മൂലത്തില്‍ യുവതി പറയുന്നു. “എന്നെ ചേര്‍ത്തുപിടിക്കൂ” എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ് എന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പ്രതികരിച്ചു.
ഇതിന്റെ പിന്നില്‍ സുപ്രീം കോടതിയെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ശക്തികളുണ്ട് എന്ന് സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറിലിന്റെ ഇ മെയിലില്‍ പറയുന്നു. അതേസമയം ചീഫ് ജസ്റ്റിസിന്റെ ആവശ്യം തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് തന്നെ റെസിഡന്‍സ് ഓഫീസില്‍ നിന്ന് പുറത്താക്കിയതായും 2018 ഡിസംബറില്‍ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിട്ടതായും പരാതിക്കാരി പറയുന്നു.
അനുമതിയില്ലാതെ ഒരു ദിവസം കാഷ്വല്‍ ലീവ് എടുത്തു എന്നതടക്കം മൂന്ന് കാരണങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം പറയുന്നത്. തന്റെ കുടുംബത്തെ പീഡിപ്പിച്ചു. ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനേയും ഭര്‍തൃ സഹോദരനേയും സസ്‌പെന്‍ഡ് ചെയ്തു. ഈ നടപടികള്‍ക്കും ഇതുമായി ബന്ധമുണ്ട് എന്ന് യുവതി ആരോപിക്കുന്നു.