വർഗീയതക്കെതിരെ പ്രതികരിക്കാൻ പ്രധാനമന്ത്രിയുടെ ട്യൂഷൻ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി എസ്ഡിപിഐക്കെതിരെ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ ഉദ്ധരിച്ച വിഷയത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ചില സമരങ്ങളില്‍ എസ്ഡിപിഐയുടെ പങ്കിനെക്കുറിച്ചു പറഞ്ഞത് ഉത്തമബോധ്യത്തിലാണ്. ആർ എസ് എസ്, എസ് ഡി പി ഐ എന്നിവരുടെ വര്‍ഗീയലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതില്‍ കേരളം ഒന്നാമതാണെന്നും അതിൽ അസ്വസ്ഥതയുണ്ടാകുന്നവരിൽ പ്രധാനമന്ത്രി ഉണ്ടാകുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ പൗരത്വ വിരുദ്ധ പ്രതിഷേധങ്ങൾക്കു പിന്നിൽ വർഗീയ വാദികളെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു. എൻ പി ആർ നടപ്പിലാക്കില്ലെന്ന് പറയുന്ന സംസ്ഥാനങ്ങൾ രാജ്യത്തിന്റെ വികസനത്തിനെതിരാണെന്നും നരേന്ദ്രമോദി രാജ്യസഭയിൽ ആരോപിച്ചിരുന്നു. ഈ പരാമർശങ്ങൾക്കാണ് പിണറായി വിജയൻ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.