തെരുവിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് ഗുരുതരമെന്ന് സുപ്രീംകോടതി. തെരുവുനായ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ ഈ മാസം 28ന് കോടതി ഇടക്കാല ഉത്തരവിറക്കും. വിഷയം പഠിച്ച ജസ്റ്റിസ് സിരി ജഗന്‍ കമ്മീഷനില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനും കോടതി തീരുമാനിച്ചു. റോഡിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി.
തെരുവുനായ ശല്യം ഉണ്ടെന്ന കാര്യം അംഗീകരിച്ചേ മതിയാകൂ എന്നും കോടതി പറഞ്ഞു. പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ എടുത്ത ശേഷവും ആളുകള്‍ മരിക്കുന്ന സാഹചര്യവും ഉണ്ടെന്ന് അഭിഭാഷകന്‍ അഡ്വക്കേറ്റ് ബിജു കോടതിയെ അറിയിച്ചു.