തിരുവനന്തപുരം: മൊത്തമായി റിസർവ് ചെയ്ത കമ്പാർട്ടു മെന്റുകളുമായി റയിൽവേ സർവീസ് നടത്തിയെങ്കിലും അവയിൽ ടിക്കറ്റ് ഇല്ലാതെയും മറ്റും യാത്ര ചെയ്തവരിൽ നിന്നായി 35.47 കോടി രൂപയാണ് സതേൺ റയിൽവേ പിഴയായി വസൂലാക്കിയത്. ഇക്കൊല്ലം ഏപ്രിൽ മുതൽ ഒക്ടോബർ 12 വരെയുള്ള കാലയളവിലാണ് റെയിൽവേയ്ക്ക് ഇത്തരത്തിൽ ഉള്ള തുക ലഭിച്ചത്. ഒട്ടാകെ 7.12 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ടിക്കറ്റ് ഇല്ലാ യാത്രയ്‌ക്കൊപ്പം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള പ്രധാന ഇനമായ മുഖാവരണം ധരിക്കാതെ യാത്ര ചെയ്തതിനു 1.62 കോടി രൂപ പിഴ ഈടാക്കി. ഈയിനത്തിൽ 32624 പേരിൽ നിന്നാണ് പിഴ വസൂലാക്കിയത്. ഇതിനായി ഒരാൾക്ക് 500 രൂപാ വീതമാണ് പിഴ ചുമത്തിയത്.
പിഴ ഇനത്തിൽ ദക്ഷിണ റെയിൽവേയിലെ ചെന്നൈ ഡിവിഷനാണ് കൂടുതൽ തുക ലഭിച്ചത്. 1278 കോടി രൂപയാണ് ചെന്നൈ വസൂലാക്കിയത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ഡിവിഷന് 6.05 കോടി രൂപ ഈയിനത്തിൽ വസൂലാക്കാൻ കഴിഞ്ഞു.