ഇന്ത്യയില്‍ മൂന്നാം തരംഗത്തിന്റെ സൂചനകള്‍ പ്രകടമായി തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,775 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തെ സജീവ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,04,781 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 406 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16,000 ആയിരുന്നു. ഇന്നത്തേക്ക് എത്തിയപ്പോള്‍ അത് 22,000 കടന്നു. ഈ കണക്കുകള്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനയാണ് നല്‍കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
അതേസമയം, ഒമിക്രോണ്‍ രോഗികളുടെ എണ്ണവും ഉയരുകയാണ്. രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,500 ലേക്ക് അടുക്കുകയാണ്. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 1,431 ഒമിക്രോണ്‍ രോഗികളുണ്ട്. മഹാരാഷ്ട്രയിലെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 454 ആയി. ഡല്‍ഹിയില്‍ 351 ഒമിക്രോണ്‍ രോഗികളും തമിഴ്‌നാട്ടില്‍ 118 ഒമിക്രോണ്‍ രോഗികളുമുണ്ട്. ഗുജറാത്തിലെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 115 ആയി. കേരളത്തില്‍ ഇതുവരെ 109 പേരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.