'കാണാമറയത്തെ' ആൺസുഹൃത്ത്; സംശയരോഗം ബാധിച്ചത് മാതാപിതാക്കളെ, പെൺമക്കളോട് ചെയ്തത് അനീതി
പെൺമക്കളെ കനാലിലെറിഞ്ഞു, ഒരാൾ മരിച്ചു; മാതാപിതാക്കളുടെ ക്രൂരതയുടെ കാരണമറിഞ്ഞാൽ ആരുമൊന്നും ഞെട്ടും!
ആൺ - പെൺ സൗഹൃദത്തിന്റെ ആഴവും ഇപ്പോഴത്തെ ജീവിതരീതികളും മാറി വരുന്ന സമയത്ത് ലുധിയാനയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. 'കാണാമറയത്തിരിക്കുന്ന' ആൺസുഹൃത്തിന്റെ പേരുപറഞ്ഞ് പെൺമക്കളെ മാതാപിതാക്കൾ കനാലിൽ എറിഞ്ഞു. ഒരാൾ മരിച്ചു.
പതിനഞ്ചുകാരി ജ്യോതി സഹോദരി പ്രീതി എന്നിവരെയാണ് മാതാപിതാക്കളായ ഉദയ് ചന്ദ്, ലക്ഷ്മി എന്നിവർ കനാലിലെറിഞ്ഞത്. ഇതിൽ ജ്യോതി മരിച്ചു. കനാലിലൂടെ ഒഴുകിയെത്തിയ പ്രീതിയെ നാട്ടുകാർ രക്ഷപെടുത്തുകയായിരുന്നു. പൊലീസെത്തി പ്രീതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സംഭവം എല്ലാവരും അറിയുന്നത്. ഓട്ടോഡ്രൈവറാണ് ഉദയ് ചന്ദ്.
തിങ്കളാഴ്ച ഇരുവരും രാത്രി വൈകിയാണ് സ്കൂളിൽ നിന്നും എത്തിയത്. ഇതേ തുടർന്ന് വീട്ടിൽ വഴക്കുണ്ടായി. മക്കൾക്ക് ആൺസുഹൃത്തുക്കൾ ഉണ്ടെന്ന് സംശയിച്ച് മാതാപിതാക്കൾ ഇരുവരുടെയും ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകി. തുടർന്ന് ബോധം പോയ ഇവരെ ഓട്ടോയിൽ കയറ്റി കനാലിൽ കൊണ്ടുപോയി തള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉദയ് ചന്ദ്, മാതാവ് ലക്ഷ്മി എന്നിവര്‍ക്കെതിരെ പൊലീസ് കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തു.