ശ്രീലങ്കയ്ക്ക് സമീപം നിലകൊണ്ട ഡിറ്റ്വാ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ ചെന്നൈയ്ക്ക് സമീപമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യതയില്ല. ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച രാത്രിക്കും ഇടയില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറുകയും തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ കനത്ത മഴ തുടരുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ചയും തിങ്കളാഴ്ചയും ചെന്നൈ ഉള്‍പ്പടെ 16 ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കും. ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തുമ്പോള്‍ കാറ്റിന്റെ വേഗത 60-70 കിലോമീറ്ററായി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റും മഴയും തുടരുന്നതിനാല്‍ ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട 56 വിമാനങ്ങള്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചെന്നൈയില്‍ നിന്ന് ട്രിച്ചി, മധുരൈ,തൂത്തുക്കുടി,ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. നാഗപട്ടണം, തിരുവാരൂര്‍, പുതുക്കോട്ടെ, രാമനാഥപുരം, മധുര ജില്ലകളില്‍ വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്.