നൂറ്റാണ്ടിന്റെ പ്രളയം കണ്ട ചെന്നൈയില്‍ വീണ്ടും ഒരു മഴക്കാലം. വ്യാഴാഴ്ച രാവിലെ മുതല്‍ ചെന്നൈയില്‍ ചെറുതായി മഴ പെയ്ത് തുടങ്ങി. മൂടിക്കെട്ടിയ ആകാശമാണ്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘നാദ’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച തമിഴ്നാട് തീരങ്ങളില്‍ എത്തുന്നതോടെ കനത്ത മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്.
കേരളത്തിലും കര്‍ണാടകയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍, നാഗപട്ടണം ജില്ലകളില്‍ സ്കൂളുകള്‍ക്ക് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു. പുതുച്ചേരി, കാരക്കല്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് പുതുച്ചേരി സര്‍ക്കാരും അവധി നല്‍കി. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്.