മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയി; യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം
പ്രണയിച്ച വ്യക്തിക്കൊപ്പം കുടുംബത്തിന്റെ സമ്മതമില്ലാതെ യുവതി ഇറങ്ങി പോവുകയായിരുന്നു.
മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയ യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം. ബംഗാളിലെ ഷിബിനിബാസ് ഗ്രാമത്തിലാണ് സംഭവം. പ്രണയിച്ച വ്യക്തിക്കൊപ്പം കുടുംബത്തിന്റെ സമ്മതമില്ലാതെ യുവതി ഇറങ്ങി പോവുകയായിരുന്നു. പിന്നാലെ ജീവിച്ചിരിക്കുന്ന പെണ്‍കുട്ടി മരിച്ചതായി കുടുംബം കണക്കാക്കുകയും മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്തു.
കുടുംബത്തെ പെണ്‍കുട്ടി അപമാനിച്ചതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ നടത്തിയതെന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. പെണ്‍കുട്ടി വീട് വിട്ട് പന്ത്രണ്ടാം ദിനമാണ് മരണാനന്തര ചടങ്ങുകള്‍ കുടുംബം നടത്തിയത്. ചടങ്ങുകള്‍ക്ക് സമീപം പെണ്‍കുട്ടിയുടെ ഫോട്ടോ മാലയിട്ട് വച്ചു. അതിന് സമീപം ഒരു പുരോഹിതന്‍ മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുകയും കര്‍മ്മങ്ങള്‍ക്ക് വീട്ടുകാര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഞങ്ങള്‍ക്ക് അവള്‍ മരിച്ചത് പോലെയാണെന്നും അവളുടെ എല്ലാ വസ്തുക്കളും ഇതിനോടകം തന്നെ കത്തിച്ചു കളഞ്ഞു എന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരെ വിമര്‍ശിച്ച് നിരവധി പേര്‍ കമന്റുമായി എത്തി. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചിലര്‍ ചോദിച്ചു. അതേസമയം കൊല്ലാതെ വിട്ടത് തന്നെ ഭാഗ്യമെന്നാണ് ചിലര്‍ പറഞ്ഞത്.