കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ അറസ്റ്റ് ചെയ്‌ത് പാർപ്പിക്കാനയി ഡൽഹിയിലെ സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന ഡൽഹി പോലീസിന്റെ ആവശ്യം നിരസിച്ച് ആം ആദ്‌മി സർക്കാർ. കർഷക പ്രക്ഷോഭം നിയന്ത്രിക്കുന്നതിനായി ഒമ്പത് സ്റ്റേഡിയങ്ങളെ താത്കാലിക ജയിലുകളാക്കി മാറ്റാനാണ് ഡൽഹി പൊലീസ് സർക്കാരിനോട് അനുമതി തേടിയത്.
എല്ലാ ഇന്ത്യക്കാർക്കും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അതിന്റെ പേരിൽ ജയിലിലടയ്‌ക്കാൻ ആകില്ലെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി. നേരത്തെ ഡൽഹി പൊലീസിന്റെ ആവശ്യത്തിനെതിരെ ആം ആദ്‌മി എംഎൽഎമാരായ രാഘവ് ഛദ്ദ, സൗരവ് ഭരദ്വാജ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലാക്കാൻ കർഷകർ കുറ്റവാളികളോ തീവ്രവാദികളൊ അല്ലെന്നായിരുന്നു ആം ആദ്മി നേതാവ് രാഘവ് ചദ്ദ പ്രതികരിച്ചത്.