രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് കടുത്ത നടപടികളുമായി ദില്ലി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനായി അനിവാര്യമല്ലാത്ത എല്ലാ നിര്‍മാണ- പൊളിക്കല്‍ ജോലികളും നിര്‍ത്തിവെയ്ക്കാനും ഇലക്ട്രിക് ബസുകള്‍ അല്ലാത്ത ബസുകള്‍ നിരത്തിലിറക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിന്റെ നിര്‍ദേശം വെള്ളിയാഴ്ച 8 മണി മുതലാണ് പ്രാബല്യത്തില്‍ വന്നത്.
മലിനീകരണ ലഘൂകരണ നില GRAP- 3 ആയി ഉയര്‍ത്താനാണ് തീരുമാനം. ബിഎസ് 3ലെ പെട്രോള്‍ വാഹനങ്ങളും ബി എസ് 4 വിഭാഗത്തിലെ ഡീസല്‍ വാഹനങ്ങളും എന്‍സിആര്‍ മേഘലയിലും ഗുരുഗ്രാം, ഗാസിയാബാദ് പോലുള്ള ചില ഭാഗങ്ങളിലും അനുവദിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ ലൈന്‍ ക്ലാസുകള്‍ക്കും നിര്‍ദേശം നല്‍കി. പൊടി ഇല്ലാതാക്കാന്‍ കൂടുതല്‍ യന്ത്രവത്കൃത റോഡ് സ്വീപ്പിങ്ങ്, വെള്ളം തളിക്കാനുള്ള യന്ത്രങ്ങള്‍ എന്നിവ വിന്യസിക്കാന്‍ തീരുമാനമായി. ആളുകള്‍ കഴിയുന്നതും വീട്ടില്‍ ഇരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. കഠിനമായ മലിനീകരണം ശാരീരികമായി മാത്രമല്ല മാനസികമായും ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.