നോട്ട് പിന്‍വലിക്കല്‍: പ്രതിസന്ധി മൂന്നു മാസം കൂടി നീളുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍
പ്രതിസന്ധി മൂന്നുമാസം നീളുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍
നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യന്‍ സമ്പദ്ഘടനയെ മൂന്നുമാസം പിന്നോട്ടടിച്ചേക്കാമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. എളുപ്പത്തില്‍ സാധനങ്ങള്‍ പണമാക്കി മാറ്റാന്‍ കഴിയാതെവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് സമ്പദ്ഘടനയ്ക്ക് പ്രഹരമേല്‍പ്പിക്കും. എന്നാല്‍ എല്ലാ പ്രശ്നങ്ങളും എത്രയുംപെട്ടെന്നു തന്നെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള പ്രഖ്യാപനം വന്ന സമയത്തേക്കാള്‍ ലിക്വിഡിറ്റി പ്രതിസന്ധിയില്‍ കാര്യമായ പുരോഗതിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണത്തിനെ വിപണിയിലേക്ക് കൊണ്ടുവരുന്നതിനു സഹായിക്കും. നോട്ട് അസാധുവാക്കിയത് മൊത്ത ആഭ്യന്തര ഉത്പാദനത്തെ രണ്ട് ശതമാനത്തോളം കുറക്കുമെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന അനുചിതമാണെന്നും അരവിന്ദ് പനഗരിയ പറഞ്ഞു.