തമിഴക വെട്രിക് കഴകത്തിന്റെ സമ്മേളനവേദിയില്‍ വിജയ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡിഎംകെ. വിജയ് നയം പ്രഖ്യാപിച്ചിട്ടില്ലെന്നും ഒരു കൂട്ടം ആളുകളെ കൂട്ടി എന്തോ പറഞ്ഞതാണെന്നും ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. ഇതിലും ആളെത്തിയ അനേകം സമ്മേളനങ്ങള്‍ ഡിഎംകെ നടത്തിയിട്ടുണ്ടെന്നും അണ്ണാ ഡിഎംകെ വോട്ടുകള്‍ ഭിന്നിപ്പിക്കാനെ വിജയ്ക്ക് കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
2026ല്‍ പൊതുതിരെഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ നിലവില്‍ ഡിഎംകെയ്ക്ക് ശക്തമായ ആധിപത്യമാണുള്ളത്. അതിനാല്‍ തന്നെ തമിഴ് രാഷ്ട്രീയത്തില്‍ മുഖ്യപാര്‍ട്ടിയാകാനുള്ള സുവര്‍ണാവസരം വിജയ്ക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ ഡിഎംകെയെ വിജയ് കടന്നാക്രമിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇളങ്കോവന്റെ പ്രതികരണം.
അതേസമയം തമിഴ്നാട് ബിജെപിയിലെ സഖ്യകക്ഷികളായ തമിഴകം പാര്‍ട്ടിയും ഇന്ത്യ ജനനായക കക്ഷിയും വിജയെ പ്രശംസിച്ച് രംഗത്തെത്തി. ഗംഭീര തുടക്കമാണ് വിജയ്ക്ക് ലഭിച്ചതെന്നും ഇവര്‍ പറഞ്ഞു. ഇതോടെ 2026ലെ തമിഴ്നാട് തെരെഞ്ഞെടുപ്പില്‍ ഉദയനിധി സ്റ്റാലിനും വിജയും നേര്‍ക്കുനേര്‍ എത്തുമെന്ന സൂചനകള്‍ വന്നിരിക്കുകയാണ്.