സർഫ് എക്സലിന്റെ പുതിയ പരസ്യത്തിനെതിരെ സംഘപരിവാർ അക്രമണം നടത്തിയത് ഏറെ ചർച്ചയായിരുന്നു. ലവ് ജിഹാദ് ആണെന്ന വാദത്തിനിടയിൽ മാധ്യമപ്രവർത്തകനായ ഓഗസ്ത് സെബാസ്റ്റ്യന്റെ ഫേസ്ബുക്ക് പോസ്റ്റിനു ഏറെ പ്രാധാന്യമുണ്ട്. മുസ്ലിംങ്ങളെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിനാൽ സംഘപരിവാറിന്റെ സൈബർ ആക്രമണത്തിനും ഭീഷണിക്കുമൊടുവിൽ കർണാടകയിൽ ആത്മഹത്യ ചെയ്ത ധന്യശ്രീ എന്ന പെൺകുട്ടിയുടെ ജീവിതം ഓർമ്മപ്പെടുത്തിയാണ് സെബാസ്റ്റ്യൻ എഴുതിയിരിക്കുന്നത്. ഹോളിയിലെ കളർ വാരിയെറിയൽ സമകാലിക അവസ്ഥയിലെ ആൾക്കൂട്ടാക്രമണങ്ങളുടെ രൂപകമാണെന്ന് അദ്ദേഹം പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:
സർഫ് എക്സലിന്റെ പരസ്യം എനിക്ക് കുമ്പളങ്ങി നൈറ്റ്സിനെക്കാളും ഇഷ്ടമായി. ഒന്നാമത്തെ കാരണം ശരീരത്ത് നിറം പറ്റാതെ നിസ്കാരത്തിനെത്തുക എന്ന നിഷ്ഠയെ മുന്‍നിർത്തി കഥ പറഞ്ഞു എന്നതാണ്. അൽപ്പം കളർ പറ്റിയാൽ ഒലിച്ച് പോവുന്നതാണോ വിശ്വാസം എന്ന ലിബറൽ 'മനുഷ്യ' 'യുക്തി' വാദത്തെ പരസ്യം നിരാകരിക്കുക തന്നെ ചെയ്യുന്നു.
കർണാടകയിലെ ചിക്മംഗലൂരിൽ ആത്മഹത്യ ചെയ്ത ഒരു പെൺകുട്ടിയെ ഓർമ്മയുണ്ടോ? മുസ്ലിങ്ങൾക്കെതിരായ സംഘപരിവാറുകാരുടെ പ്രചരണത്തെ ചോദ്യം ചെയ്ത്, 'ഞാൻ മുസ്ലിങ്ങളെ സ്നേഹിക്കുന്നു' എന്ന് പറഞ്ഞ ധന്യശ്രീയെ? അങ്ങനെ പറഞ്ഞതിന് സംഘപരിവാർ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും വീടുകയറി ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ധന്യശ്രീ. സർഫ് എക്സൽ പരസ്യം കണ്ടപ്പോൾ എനിക്ക് ധന്യശ്രീയെ ഓർമ്മ വന്നു. വംശീയ ഉൻമൂലന രാഷ്ട്രീയത്തിന് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യതയും അധികാരവും ബഹുമാനവും കണ്ട് സംഘപരിവാറിനേക്കാൾ ഹിന്ദുത്വത്തിലേക്ക് രാജ്യത്തെ ഇടതു മതേതര കക്ഷികളടക്കം കാൽവഴുതി വീഴുമ്പോൾ അപ്രതീക്ഷിതമായ ഇടങ്ങളിൽ നിന്ന് ചില സ്ത്രീകൾ ഉയർത്തിയ ശബ്ദമാണ് പ്രതിരോധത്തിന്റെ ഇടിമുഴക്കമായി ഉയർന്നു കേട്ടതെന്ന യാഥാർത്ഥ്യമാവണം അബോധത്തിലെങ്കിലും സർഫ് എക്സൽ പരസ്യത്തിൽ മുസ്ലിം കുട്ടിയെ ഹോളിയുടെ നിറം പറ്റാതെ പള്ളിയിലെത്തിക്കാൻ ഒരു പെൺകുട്ടിയെ തന്നെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ച സാമൂഹ്യ ഘടകം. ഇതാണ് പരസ്യം ഇഷ്ടമാവാൻ രണ്ടാമത്തെ കാരണം.
പരസ്യം 'ലവ്ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നു എന്ന സംഘപരിവാർ വാദത്തെ എതിർക്കാൻ പത്ത് വയിൽ താഴെയുള്ള കുട്ടികളുടെ ബന്ധത്തിൽ എന്തിന് പ്രണയം കാണുന്നു എന്ന് വാദിക്കുന്നവർക്ക് സംഘപരിവാറുകാരുടെ ബുദ്ധി പോലുമില്ലെന്ന് ഞാൻ പറയും. സർഫ് എക്സലിന്റെ രംഗ് ലായേ സംഗ് തങ്ങൾ വിഭാവനം ചെയ്യുന്ന ദേശരാഷ്ട്രത്തിന് എന്ത് ദോഷമാണ് വരുത്തുന്നതെന്ന് സംഘപരിവാറിന് നന്നായി മനസിലാവുക തന്നെ ചെയ്തിട്ടുണ്ട്. അവർ അതിൽ എന്തോ അതിവായന നടത്തി എന്ന മട്ടിലാണ് പലരും പരസ്യത്തോടൊപ്പം നിന്നത്. മനപൂർവ്വമോ അല്ലാതെയോ ആണെങ്കിലും ആ പെൺകുട്ടിയെ തെരഞ്ഞെടുത്തത് മനോഹരമായി. അവർക്കിടയിൽ പ്രണയം ഉണ്ടാവാം ഇല്ലാതിരിക്കാം. അത് പ്രണയമേയല്ല എന്ന് വാദിക്കുന്നത് ലവ്ജിഹാദ് ആണ് എന്ന് വാദിക്കുന്നതിന് തുല്യമായ വിധത്തിൽ പ്രതിലോമകരമാണ്.
ഹോളിയിലെ കളർ വാരിയെറിയൽ സമകാലിക അവസ്ഥയിലെ ആൾക്കൂട്ടാക്രമണങ്ങളുടെ രൂപകമായാണ് എനിക്ക് തോന്നുന്നത്. ആളു കൂടി മുസ്ലിമിനെ തല്ലികൊല്ലുന്നത് ഹോളിപോലെ അംഗീകൃതമായ ഒരു ആചാരമായി മാറിക്കഴിഞ്ഞിട്ടുണ്ടല്ലോ? ആ സാഹചര്യത്തിൽ അവശേഷിക്കുന്ന കളർ ബോംബ് എറിയുന്നത് തടയുന്ന ആ കുട്ടിയിലും ബുദ്ധിപരമായി ആ കുട്ടിയെ പള്ളിയിലെത്തിച്ച ആ പെൺകുട്ടിയിലും മാത്രമാണ് ഇന്ത്യയിൽ എനിക്ക് പ്രതീക്ഷ. അത്തരം ആളുകളുടെ എണ്ണം കൂട്ടാനെങ്കിലും പരസ്യം സഹായിച്ചേക്കാം. ഇതാണ് മൂന്നാമത്തെ കാരണം. പിന്നെ പാട്ട് ഭയങ്കര രസമുണ്ടായിരുന്നു. സംവിധാനവും ക്യാമറയും.