അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇന്ന് രാവിലെ 10 മണിക്ക് രാജ്യം ഔദ്യോഗിക വരവേൽപ്പ് നൽകും. രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണത്തിന് പത്തര മണിക്ക് ഇരുവരും രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിൽ എത്തും തുടർന്ന് നടക്കുന്ന പുഷ്പാർച്ചനയ്‌ക്ക് ശേഷം ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചക്കായി ഹൈദരാബാദ് ഹൗസിലേക്ക് എത്തും.
12:40നായിരിക്കും ചർച്ചകൾക്ക് ശേഷം ഇരു നേതാക്കളും കരാറുകളിൽ ഒപ്പ് വെക്കുക. തുടർന്ന് ഉച്ചക്ക് ശേഷം രണ്ടുമണിക്ക് മോദി-ട്രംപ് സംയുക്ത വാര്‍ത്ത സമ്മേളനം നടക്കും. വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനിൽ അത്താഴവിരുന്ന് നൽകും. എന്നാൽ രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ നിന്നും കോൺഗ്രസ്സ് വിട്ടുനിൽക്കും. പരിപാടിയില്‍ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്സ് അത്താഴവിരുന്നിൽ നിന്നും വിട്ടുനിൽക്കുന്നത്. അധിര്‍ രഞ്ജൻ ചൗധരിക്കും ഗുലാംനബി ആസാദിനും പിന്നാലെ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗും വിരുന്നിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. അത്താഴവിരുന്നിന് ശേഷം രാത്രി പത്ത് മണിക്ക് ട്രംപും സംഘവും തിരികേ അമേരിക്കയിലോട്ട് മടങ്ങും.
അതേസമയം ദില്ലിയിൽ പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടതിനെ തുടർന്ന് ന്യൂദില്ലി മേഖലയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിരിക്കുകയാണ്. സമാനതളില്ലാത്ത ഒരുക്കങ്ങൾക്കും സുരക്ഷയ്‌ക്കും നടുവിലാണ് ട്രംപിന്റെ എല്ലാ ചടങ്ങുകളും ആസൂത്രണം ചെയ്‌തിട്ടുള്ളത്.