Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽഹി സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി, ട്രംപിന്റെ ഇന്ത്യ സന്ദർശനം തുടരുന്നു

ഡൽഹി  സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി, ട്രംപിന്റെ ഇന്ത്യ സന്ദർശനം തുടരുന്നു

അഭിറാം മനോഹർ

, ചൊവ്വ, 25 ഫെബ്രുവരി 2020 (08:23 IST)
പൗരത്വനിയമ ഭേദഗതി വിഷയത്തെ ചൊല്ലി ഡൽഹിയിൽ തുടരുന്ന സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തുടങ്ങിയ സംഘർഷത്തിൽ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി എ.സി.പി. ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും (42) നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയും (32) ഉൾപ്പടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ശാഹ്ദ്ര ഡി സി പി അമിത് ശര്‍മയുള്‍പ്പെടെ അൻപതോളം പേർക്ക് പരിക്കേറ്റിടുണ്ട്.
 
അക്രമം തുടരുന്ന സാഹചര്യത്തിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം വ്യാപിക്കുന്നത് തടയാൻ പോലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ അക്രമം തുടരുന്നതിനിടെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഡൽഹി സന്ദർശനം തുടരുകയാണ്. ഇന്ന് രാഷ്ട്രപതി ഭവനിലാണ് ആദ്യ പരിപാടി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന വിരുന്നില്‍ അദ്ദേഹവും കുടുംബവും പങ്കെടുക്കും. പിന്നീട് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് ചർച്ച നടത്തും.
 
അതേസമയം ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന ആരോപണത്തിൽ ജാമിയ കോ ഓ‌‌ർഡിനേഷൻ കമ്മിറ്റി ബിജെപി നേതാവ് കപിൽ മിശ്രയ്‌ക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടാണ് പരാതി.സംഘ‌ർഷത്തിനിടെ പൊലീസിന് നേരെ വെടിവച്ച മുഹമ്മദ് ഷാരൂഖ് എന്നയാളെ ദില്ലി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘ‌ർഷത്തിനിടെ മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. ഗോകുല്‍പുരിയിലെ ടയര്‍ മാര്‍ക്കറ്റിൽ തീവെച്ചു. ഡി സി പിയുടെ കാര്‍ കത്തിക്കുകയും  അഗ്‌നിശമനസേനയുടെ വാഹനം കേടാക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകളും കടകളും അക്രമിക്കപ്പെട്ടുവെന്നാണ് നിലവിൽ ഡൽഹിയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വി എസ് ശിവകുമാറിന്റെ മുഖ്യ ബെനാമിയെ കണ്ടെത്തിയെന്ന് വിജിലന്‍സ്