ഇന്ത്യയില്‍ അഴിമതി നിയമപരമെന്ന് തോന്നിപ്പോകും; 422 കോടിരൂപ ചിലവഴിച്ച് പണി കഴിപ്പിച്ച ഡബിള്‍ ഡെക്ക് ഫ്ളൈഓവര്‍ ഒറ്റമഴയില്‍ പൊളിഞ്ഞു തുടങ്ങി
ഉദ്ഘാടനം ചെയ്യപ്പെട്ട ഡബിള്‍ ഡെക്ക് ഫ്ളൈ ഓവര്‍ ഒറ്റമഴയില്‍ പൊളിഞ്ഞു തുടങ്ങി. ഇത് പൊതുജന രോഷത്തിന് കാരണമായിരിക്കുകയാണ്.
422 കോടി രൂപയുടെ ചിലവില്‍ നിര്‍മിച്ച് പട്നയില്‍ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ഡബിള്‍ ഡെക്ക് ഫ്ളൈ ഓവര്‍ ഒറ്റമഴയില്‍ പൊളിഞ്ഞു തുടങ്ങി. ഇത് പൊതുജന രോഷത്തിന് കാരണമായിരിക്കുകയാണ്. വെറും 53 ദിവസം മുമ്പ്, അതായത് 2025 ജൂണ്‍ 11 ന് ഉദ്ഘാടനം ചെയ്ത ഈ മേല്‍പ്പാലം ബീഹാറിലെ വികസനത്തിന്റെയും നഗര പുരോഗതിയുടെയും പ്രതീകമായി പ്രചരിച്ചിരുന്നു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മാണത്തിലെ ഈ പരാജയം നിര്‍മ്മാണത്തിന്റെ ഗുണനിലവാരം, കരാറുകാരുടെ ഉത്തരവാദിത്തം, പൊതു ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു.
രാജ്യത്ത് ഇതൊരു ഒറ്റപ്പെട്ട കേസല്ല. പ്രത്യേകിച്ചും ബീഹാറില്‍. വലിയ തോതിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ പലപ്പോഴും നിലവാരമില്ലാത്ത വസ്തുക്കള്‍, സുതാര്യതയുടെ അഭാവം, അഴിമതി എന്നിവയാല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പദ്ധതികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.
ബീഹാറില്‍ മേല്‍പാലങ്ങളും നദിക്കു കുറുകെയുള്ള പാലങ്ങളും ഉദ്ഘാടനങ്ങള്‍ കഴിയുന്നതിനും മുന്നേ തന്നെ തകര്‍ന്നുവീഴുന്നത് സാദാരണമാണ്. തങ്ങളുടെ നികുതിപണം ഇത്തരത്തില്‍ നശിക്കുന്നതില്‍ ജനങ്ങള്‍ പ്രതിഷേധിച്ചുതുടങ്ങിയിട്ടുണ്ട്.