ദന്തല്‍ ക്ലിനിക്കില്‍ ഉപയോഗിച്ചത് മലിനമായ സലൈന്‍; തമിഴ്‌നാട്ടില്‍ എട്ടുപേര്‍ ഗുരുതരമായ ബ്രെയിന്‍ അണുബാധ മൂലം മരിച്ചു
ഈ അവസ്ഥയെ ന്യൂറോമെലിയോയ്‌ഡോസിസ് എന്നാണ് പറയുന്നത്.
ദന്തല്‍ ക്ലിനിക്കില്‍ മലിനമായ സലൈന്‍ ഉപയോഗിച്ചതുമൂലം തമിഴ്‌നാട്ടില്‍ എട്ടുപേര്‍ ഗുരുതരമായ ബ്രെയിന്‍ അണുബാധ മൂലം മരിച്ചു. തമിഴ്‌നാട്ടിലെ തിരുപത്തൂര്‍ ജില്ലയിലാണ് സംഭവം. ഈ അവസ്ഥയെ ന്യൂറോമെലിയോയ്‌ഡോസിസ് എന്നാണ് പറയുന്നത്. ഇത് തലച്ചോറും സുഷുമ്നാ നാഡിയും ഉള്‍പ്പെടെയുള്ള കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ്.
ദന്ത പരിശോധനയ്ക്കിടെ മലിനമായ ഉപ്പുവെള്ളം ഉപയോഗിച്ചതിനാലാണ് ഇത് സംഭവിച്ചത്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഉപയോഗിച്ച് സലൈന്‍ കുപ്പികള്‍ തുറന്നതാണ് ഇതില്‍ ബര്‍ഖോള്‍ഡെറിയ സ്യൂഡോമല്ലെയ് എന്ന ബാക്ടീരിയ വികസിക്കാന്‍ കാരണമായത്. ഇത് തലച്ചോറിനെ ആക്രമിച്ച് രോഗികളെ മരണത്തിലേക്ക് തള്ളവിട്ടതായും അന്വേഷണത്തില്‍ കണ്ടെത്തി.
അന്വേഷണത്തില്‍ ഉപ്പുവെള്ള കുപ്പി തുറക്കാന്‍ പെരിയോസ്റ്റീല്‍ ലിഫ്റ്റ് എന്ന ശസ്ത്രക്രിയാ ഉപകരണമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. അശ്രദ്ധമായി അത് വീണ്ടും അടച്ച് ഒന്നിലധികം രോഗികളില്‍ വീണ്ടും ഉപയോഗിച്ചതായും കണ്ടെത്തി. ഇത് 10 പേരില്‍ അണുബാധ പകരുന്നതിലേക്ക് നയിച്ചു. 8 പേര്‍ മരിച്ചു.