എമര്‍ജന്‍സി വാര്‍ഡിലെ ഡോക്ടര്‍ ഡെസ്‌കിന് മുകളില്‍ കാല്‍ കയറ്റിവച്ച് ഉറങ്ങി; സമീപത്തു കിടന്ന രോഗി ചികിത്സ കിട്ടാതെ മരിച്ചു
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഡോക്ടര്‍ ഉറങ്ങിപ്പോയതിനാല്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ഒരു രോഗി മരിച്ചു. മീററ്റിലെ ലാല ലജ്പത് റായ് മെമ്മോറിയല്‍ (എല്‍എല്‍ആര്‍എം) മെഡിക്കല്‍ കോളേജിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒരു ജൂനിയര്‍ ഡോക്ടര്‍ അത്യാഹിത വാര്‍ഡിനുള്ളില്‍ മേശപ്പുറത്ത് കാലുകള്‍ വെച്ച് ഉറങ്ങുന്നതും, രക്തത്തില്‍ കുളിച്ചുകിടക്കുന്ന പരിക്കേറ്റ ഒരു രോഗി സമീപത്തുള്ള സ്‌ട്രെച്ചറില്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നിന്റെ അടിയന്തര വൈദ്യ പരിചരണത്തിന്റെ അവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയരുകയും ചെയ്തു. ഹസന്‍പൂര്‍ ഗ്രാമത്തിലെ സുനില്‍ ആണ് മരണപ്പെട്ട രോഗി. റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ച സുനിലിന് ഗുരുതരമായി പരിക്കേറ്റതായി അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.
എല്‍എല്‍ആര്‍എം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍ ഉറങ്ങിപ്പോയതിനാല്‍ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. സുനിലിനെ ഉപേക്ഷിക്കപ്പെട്ട രോഗിയായി കണക്കാക്കുകയും ഒടുവില്‍ മരണത്തിന് നല്‍കുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് നടപടി സ്വീകരിച്ചു.
സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോ. ഭൂപേഷ് കുമാര്‍ റായ്, ഡോ. അനികേത് എന്നീ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതായി എല്‍എല്‍ആര്‍എം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. സി. ഗുപ്ത സ്ഥിരീകരിച്ചു.