'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു
ഇടതുപക്ഷ പ്രതിനിധികള്‍ ഛത്തീസ്ഗഡില്‍ തുടരുകയാണ്
Brinda Karat, Ani Raja, K Radhakrishnan, AA Rahim, PP Suneer and Jose K Mani
ഛത്തീസ്ഗഡില്‍ 'നിര്‍ബന്ധിത മതപരിവര്‍ത്തനം' ആരോപിച്ച് ജയിലിലടച്ച കന്യാസ്ത്രീകളെ കാണാന്‍ ഇടതുപക്ഷ സംഘം. കന്യാസ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ ഇടതുപക്ഷ പ്രതിനിധി സംഘം ഇന്നലെ (ചൊവ്വ) എത്തി. എന്നാല്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കന്യാസ്ത്രീകളെ കാണുന്നതില്‍ നിന്ന് പൊലീസ് വിലക്കി.
ഇടതുപക്ഷ പ്രതിനിധികള്‍ ഛത്തീസ്ഗഡില്‍ തുടരുകയാണ്. ഇന്ന് കന്യാസ്ത്രീകളെ കണ്ടശേഷം മാത്രമേ മടങ്ങൂവെന്ന് സംഘം അറിയിച്ചു. കന്യാസ്ത്രീകളെ കണ്ട ശേഷം ഇന്നലെ തന്നെ മടങ്ങുവാനും ഇന്ന് രാജ്യസഭയില്‍ വിഷയം അവതരിപ്പിക്കാനുമാണ് ഇടതുപക്ഷം തീരുമാനിച്ചിരുന്നത്.
ജയിലില്‍ എത്തിയ സംഘത്തെ പൊലീസ് തടയുകയായിരുന്നു. കന്യാസ്ത്രീകളെ കാണാന്‍ അനുമതി തേടിയിട്ടില്ലെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ സംഘത്തിലെ അംഗമായ രാജ്യസഭാ എംപി എ.എ.റഹിം ജയില്‍ സൂപ്രണ്ടിനു ഓണ്‍ലൈന്‍ ആയ അയച്ച രേഖകള്‍ കാണിച്ചു. മുന്‍കൂട്ടി അനുമതി തേടിയിട്ടുണ്ടെങ്കിലും എത്തിയ സമയം വൈകി പോയെന്നതായിരുന്നു പൊലീസ് പറഞ്ഞ അടുത്ത ന്യായം.
ബൃന്ദ കാരാട്ട്, ആനി രാജ, എംപിമാരായ കെ.രാധാകൃഷ്ണന്‍, എ.എ.റഹിം, പി.പി.സുനീര്‍, ജോസ് കെ മാണി എന്നിവരാണ് ഛത്തീസ്ഗഡില്‍ എത്തിയിരിക്കുന്ന ഇടതുപക്ഷ പ്രതിനിധി സംഘത്തിലുള്ളത്.