അനധികൃത പണമിടപാട് കേസിൽ അറസ്‌റ്റിലായ കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിനെ അഞ്ച് ദിവസത്തേക്ക് കൂടി കസ്‌റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയില്‍
വന്‍ സാമ്പത്തിക ഇടപാടുകളാണ് ശിവകുമാറിനെതിരെ ഇ ഡി ഉന്നയിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിവരങ്ങള്‍ പങ്കുവയ്‌ക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും ശിവകുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജന്‍ കോടതിയില്‍ വ്യക്തമാക്കി.
ചോദ്യങ്ങള്‍ക്ക് അപ്രസക്തമായ മറുപടിയാണ് ശിവകുമാര്‍ നല്‍കുന്നത്. നിക്ഷേപത്തെക്കുറിച്ചും മറ്റ് കൂട്ട് പ്രതികളെക്കുറിച്ചും കൂടുതല്‍ ചോദിച്ചറിയാല്‍ കുറച്ച് ദിവസത്തേക്ക് കൂടി കസ്‌റ്റഡിയില്‍ വേണമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകള്‍ ശിവകുമാര്‍ മുഖേനെ നടന്നുവെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 20 രാജ്യങ്ങളിലായുള്ള 317 ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടുകള്‍ നടന്നത്. 200 കോടിയുടെ നിക്ഷേപവും 800 കോടിയുടെ വസ്തുക്കളും ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
നികുതി വെട്ടിപ്പ് നടത്തി, കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിവകുമാറിനെതിരെ ഇഡി കേസെടുത്തത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ സമ്പാദ്യം കണ്ടെത്തിയെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.
ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. ഡല്‍ഹി ഖാൻ മാർക്കറ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
2013ൽ ഒരു കോടി രൂപ മാത്രം ആസ്‌തിയുണ്ടായിരുന്ന ഐശ്വര്യയുടെ സമ്പത്ത് 2018 ആയപ്പോഴേക്കും 100 കോടിയായി ഉയർന്നെന്നാണ് എൻഫോഴ്സ്മെന്‍റ് കണ്ടെത്തി.
കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഐശ്വര്യയുടെ ആസ്‌തി എങ്ങനെ വര്‍ദ്ധിച്ചു എന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രധാനമായും ചോദിച്ചറിയുന്നത്. ശിവകുമാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ട്രസ്‌റ്റിയും മേല്‍നോട്ടം വഹിക്കുന്നതും ഐശ്വര്യയാണ്. നിരവധി എന്‍ജിനീയറിങ് കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് ഇ ഡിയെ സംശയപ്പെടുത്തുന്നത്.
ശിവകുമാറും ഐശ്വര്യയും തമ്മിലുള്ള പണമിടപാട് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണോ എന്ന സംശയവും എന്‍ഫോഴ്‌സ്‌മെന്റ് ഉയര്‍ത്തുന്നുണ്ട്. 2017 ജൂലായില്‍ ശിവകുമാറും ഐശ്വര്യയും ബിസിനസ് ആവശ്യത്തിനായി സിംപ്പൂരിലേക്ക് യാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. ട്രസ്‌റ്റിന്റെ വിശദാംശങ്ങള്‍, പ്രവര്‍ത്തിക്കുന്ന രീതി, സാമ്പത്തിക ഇടപാടുകള്‍ എന്നിവയാകും ഇഡി ഐശ്വര്യയില്‍ നിന്നും അറിയുക.