രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം
രണ്ടര വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചതായി ആരോപിച്ച് ഡോക്ടര്‍ക്കെതിരെ പരാതി.
ലഖ്നൗ: രണ്ടര വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചതായി ആരോപിച്ച് ഡോക്ടര്‍ക്കെതിരെ പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് പരാതി. കളിക്കുന്നതിനിടെ മേശയുടെ മൂലയില്‍ തലയിടിച്ച് മന്‍രാജ് സിംഗ് എന്ന ആണ്‍കുട്ടിക്ക് പരിക്കേറ്റു. കണ്ണിനു സമീപം ആഴത്തിലുള്ള മുറിവുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ പിതാവിനോട് ഫെവിക്വിക്ക് വാങ്ങാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. മുറിവ് വൃത്തിയാക്കാതെ ഡോക്ടര്‍ പശ പുരട്ടിയതായി കുടുംബം ആരോപിക്കുന്നു. ഇന്‍ജക്ഷനും ശരിയായ ഡ്രസ്സിംഗും നല്‍കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ വിസമ്മതിച്ചു. പിറ്റേന്ന് വേദന വഷളായതിനെത്തുടര്‍ന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മണിക്കൂര്‍ തീവ്രപരിചരണത്തിന് ശേഷം മുറിവില്‍ നിന്ന് പശ ഒടുവില്‍ നീക്കം ചെയ്തു.
കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസ് അന്വേഷിക്കുമെന്നും അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോക് കതാരിയ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.