അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് അന്ത്യശാസനം നല്‍കി പാകിസ്ഥാന്‍. തെഹ്രികെ താലിബാന്‍ പാകിസ്ഥാന്‍(ടിടിപി) എന്ന സംഘടനയെ നിയന്ത്രിക്കാന്‍ താലിബാന്‍ തയ്യാറാകാത്തതിലും അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചുമാണ് പാകിസ്ഥാന്റെ അന്തിമശാസനം.
പാക് സുരക്ഷാസേനയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഒത്തുതീര്‍പ്പിന് തയ്യാറാവുക, അല്ലെങ്കില്‍ ഇസ്ലാമാബാദിന്റെ പിന്തുണയോടെ കാബൂളിലെ ഭരണത്തെ അട്ടിമറിക്കുന്ന ബദല്‍ രാഷ്ട്രീയ ശക്തിയെ നേരിടുക എന്ന താക്കീതാണ് പാകിസ്ഥാന്‍ നല്‍കിയിരിക്കുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി മധ്യസ്ഥര്‍ വഴിയാണ് താലിബാന്‍ ഭരണകൂടത്തിന് പാകിസ്ഥാന്‍ അന്തിമശാസനം നല്‍കിയിരിക്കുന്നതെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ് അഫ്ഗാനിലെ താലിബാന്‍ നേതൃത്വം. അഫ്ഗാന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് കാരണം അഫ്ഗാനില്‍ ഇന്ത്യ അനുകൂല സര്‍ക്കാര്‍ ഉണ്ടാകരുതെന്നാണ് പാകിസ്ഥാന്‍ നിലപാട്. ഇതിനിടയില്‍ പാകിസ്ഥാനില്‍ താലിബാന്‍ പിന്തുണയുള്ള ടിടിപി ആക്രമണങ്ങള്‍ കടുപ്പിച്ചതോടെയാണ് പാകിസ്ഥാന്‍ അഫ്ഗാന് നേരിട്ട് അന്തിമശാസനം നല്‍കിയിരിക്കുന്നത്. താലിബാന്‍ വിരുദ്ധ നേതാക്കളുമായി പാകിസ്ഥാന്‍ ബന്ധം സ്ഥാപിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. താലിബാന്‍ വിരുദ്ധ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നാണ് പാകിസ്ഥാന്റെ വാഗ്ദാനം. അഫ്ഗാന്‍ ജനാധിപത്യ പക്രിയയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഇത് ബാധകമാണെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കുന്നു.