Air India Plane Crash: ഭാര്യയെയും മക്കളെയും യുകെയില്‍ എത്തിക്കാന്‍ പ്രതീക് അതിയായി ആഗ്രഹിച്ചു; ആകാശദുരന്തം കവര്‍ന്നെടുത്ത 'ചിരി'
കഴിഞ്ഞ ആറ് വര്‍ഷമായി ലണ്ടനില്‍ താമസിക്കുകയാണ് പ്രതീക്
Air India Plane Crash: അഹമ്മദബാദിലെ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട് മരിച്ചവരില്‍ സോഫ്റ്റ് വെയര്‍ പ്രൊഫഷണലും ഭാര്യയും മക്കളും. രാജസ്ഥാന്‍ സ്വദേശിയായ പ്രതീക് ജോഷിയും ഭാര്യ ഡോ.കോമി വ്യാസും ഇവരുടെ മൂന്ന് മക്കളും വിമാനാപകടത്തില്‍ മരിച്ചു.
കഴിഞ്ഞ ആറ് വര്‍ഷമായി ലണ്ടനില്‍ താമസിക്കുകയാണ് പ്രതീക്. സോഫ്റ്റ് വെയര്‍ സംബന്ധമായ ജോലി ചെയ്യുന്ന അദ്ദേഹം ഭാര്യയെയും മൂന്ന് മക്കളെയും തനിക്കൊപ്പം ലണ്ടനില്‍ എത്തിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. കുട്ടികള്‍ക്ക് വിദേശത്ത് പഠനസൗകര്യം അടക്കം ഒരുക്കി കുടുംബസമേതം ലണ്ടനില്‍ സ്ഥിര താമസമാക്കുകയായിരുന്നു പ്രതീക് ജോഷിയുടെ സ്വപ്‌നം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പ്രതീക് അത് സാധ്യമാക്കി. എന്നാല്‍ അഹമ്മദബാദില്‍ നിന്ന് കുടുംബസമേതം അവര്‍ ലണ്ടനിലേക്ക് വിമാനം കയറിയെങ്കിലും ആകാശദുരന്തം എല്ലാവരുടെയും ജീവനെടുത്തു.
രണ്ട് ദിവസം മുന്‍പാണ് മെഡിക്കല്‍ പ്രൊഫഷണലായ പ്രതീകിന്റെ ഭാര്യ ഡോ.കോമി വ്യാസ് ഇന്ത്യയിലെ ജോലി രാജിവച്ചത്. പ്രതീകും കോമിയും മൂന്ന് മക്കളും എയര്‍ ഇന്ത്യ 171 വിമാനത്തില്‍ കയറിയ ശേഷം ഒരു സെല്‍ഫിയെടുത്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചിരുന്നു. അഞ്ച് പേരെയും വലിയ സന്തോഷത്തിലാണ് ഈ ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ ആ ചിരിക്കു അധികം ആയുസുണ്ടായില്ല. ഒന്നിച്ചു ജീവിതം കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ചവര്‍ ഒന്നിച്ചു തന്നെ മരണത്തിലേക്ക് മടങ്ങി..!