ഡല്‍ഹി: ഇന്ത്യ കൊവിഡ്19ന് എതിരെ വികസിപ്പിക്കുന്ന കൊവാക്‌സിന്‍ സുരക്ഷിതമെന്ന് ആദ്യഘട്ട പരീക്ഷണത്തിൽ കണ്ടെത്തൽ. മനുഷ്യനിൽ വാക്സിന് വിപരീത ഫലം സൃഷ്ടിയ്ക്കുന്നില്ല എന്നാണ് ആദ്യ ഘട്ടത്തിൽ കണ്ടെത്തിയിരിയ്ക്കുന്നത്. മനുഷ്യനിലെ ഒന്നംഘട്ട പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചുവെന്നും രണ്ടാംഘട്ട പരീക്ഷണം സെപ്തംബർ ആദ്യ വാരത്തോടെ ആരംഭിയ്ക്കും എന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 375 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. ഓരോരുത്തര്‍ക്കും രണ്ട് ഡോസ് മരുന്നാണ് നല്‍കുന്നത്. ആദ്യ ഡോസ് നല്‍കിയതിന് ശേഷമുള്ള റിപ്പോര്‍ട്ടുകളില്‍ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തി. അടുത്ത ഡോസ് നല്‍കിയതിന് ശേഷം മാത്രമേ വൈറസിനെതിരെ വാക്സിൻ എത്രത്തോളം ഫലപ്രദമാണ് എന്ന് കണ്ടെത്താനാകു. പരീക്ഷണങ്ങൾ വിജയകരമായാൽ അടുത്ത വര്‍ഷം പകുതിയോടെ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കി..
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും ഐസിഎംആറും, നാഷണല്‍ വൈറോളജി ഇന്‍സ്റ്ററ്റിയൂട്ടും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിയ്ക്കുന്നത്. മനുഷ്യനിൽ പരീക്ഷണം നടത്തുന്നതിന് മുൻപ് എലികളിലും മുയലുകളിലും വാക്സിൻ വിജയകരമായി പരീക്ഷിച്ചിരുന്നു.