അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്നനിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീട്ടി. റോഡ് ഷോ, പദയാത്രകള്‍, സൈക്കിള്‍-വാഹന റാലികള്‍ എന്നിവക്കുള്ള വിലക്ക് തുടരും. അതേസമയം കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ഹാളുകള്‍ക്ക് അകത്തും പുറത്തും യോഗങ്ങള്‍ നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി.
ഇന്‍ഡോര്‍ ഹാളുകളില്‍ അവിടെ ഉള്‍ക്കൊള്ളുന്നതിന്റെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനും തുറന്ന മൈതാനങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ 30 ശതമാനം പേരെ പങ്കെടുപ്പിക്കുവാനുമാണ് അനുമതി.വീടുകള്‍ കയറി ഇറങ്ങിയുള്ള പ്രചാരണത്തിന് നേരത്തെ നിശ്ചയിച്ചത് പോലെ 20 ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ പാടില്ല.
രാത്രി എട്ട് മണിക്കും രാവിലെ എട്ട് മണിക്കും ഇടയിലുള്ള പ്രചാരണ വിലക്ക് തുടരും.നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരി അഞ്ചിന് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേയും കേന്ദ്രത്തിലേയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉത്തരവിറക്കിയത്.