ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; നേപ്പാളിലേക്കുള്ള യാത്രമാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം
ശാന്തമാകുന്നതുവരെ അയല്‍ രാജ്യത്തേക്കുള്ള യാത്ര മാറ്റിവയ്ക്കാന്‍ ഇന്ത്യ പൗരന്മാരോട് ആവശ്യപ്പെട്ടു.
നേപ്പാളിലെ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ അയല്‍ രാജ്യത്തേക്കുള്ള യാത്ര മാറ്റിവയ്ക്കാന്‍ ഇന്ത്യ പൗരന്മാരോട് ആവശ്യപ്പെട്ടു. നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, നേപ്പാള്‍ എയര്‍ലൈന്‍സ് എന്നിവ റദ്ദാക്കി.
സോഷ്യല്‍ മീഡിയയ്ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയതിനെതിരായ പ്രതിഷേധങ്ങള്‍ നേപ്പാളില്‍ കൂടുതല്‍ അക്രമാസക്തമാവുകയാണ്. തിങ്കളാഴ്ച രാത്രി നിരോധനം പിന്‍വലിച്ചെങ്കിലും പ്രതിഷേധങ്ങള്‍ തുടര്‍ന്നു. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി ചൊവ്വാഴ്ച രാജിവച്ചിരുന്നു. ഒലിയുടെ ധനകാര്യ മന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ തലസ്ഥാനത്തെ തെരുവുകളിലൂടെ ഓടിച്ചുകൊണ്ടുപോകുന്ന അസ്വസ്ഥത ഉളവാക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.
പോലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. നേപ്പാളിലെ ചില ഉന്നത നേതാക്കളുടെ വീടുകള്‍ക്കും പാര്‍ലമെന്റ് മന്ദിരത്തിനും പ്രകടനക്കാര്‍ തീയിട്ടു. തലസ്ഥാനമായ കാഠ്മണ്ഡുവിലെ വിമാനത്താവളം അടച്ചുപൂട്ടി. സൈനിക ഹെലികോപ്റ്ററുകള്‍ ചില മന്ത്രിമാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.