India Vice Presidential Election Live: പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം, വോട്ടെടുപ്പ് രാവിലെ 10 മുതല്‍
						
		
						
				
ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കും നോമിനേറ്റഡ് അംഗങ്ങള്‍ക്കുമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്
			
		          
	  
	
		
										
								
																	പ്രതിപക്ഷ സ്ഥാനാര്‍ഥി ബി.സുദര്‍ശന്‍ റെഡ്ഡിയും എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി.രാധാകൃഷ്ണനും
 
									
			
			 
 			
 
 			
					
			        							
								
																	
	India Vice Presidential Election Live: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്-101 മുറിയിലാണ് വോട്ടെടുപ്പ്. 
 
									
										
								
																	
	 
	ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണനും (67), പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡിയും (79) മത്സരിക്കുന്നു. 
 
									
											
									
			        							
								
																	
	 
	ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കും നോമിനേറ്റഡ് അംഗങ്ങള്‍ക്കുമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. നിലവില്‍ 781 അംഗങ്ങളാണ് ആകെയുള്ളത്. 391 വോട്ടുകള്‍ നേടുന്നയാള്‍ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയാകും. ഭരണകക്ഷിയായ എന്‍ഡിഎയ്ക്കു ഇരുസഭകളിലുമായി 427 അംഗങ്ങളുണ്ട്. 
 
									
			                     
							
							
			        							
								
																	
	 
	രഹസ്യബാലറ്റിലൂടെയാണ് വോട്ടിങ്. വോട്ടെടുപ്പ് അവസാനിച്ച ശേഷം വൈകിട്ട് ആറിനു വോട്ടെണ്ണല്‍ ആരംഭിക്കും. രാജ്യസഭയില്‍ ഏഴ് അംഗങ്ങളുള്ള ബിജെഡിയും നാല് എംപിമാരുള്ള ബിആര്‍എസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 
 
									
			                     
							
							
			        							
								
																	
	 
	രഹസ്യ ബാലറ്റിലൂടെ നടക്കുന്ന വോട്ടിങ് ആയതിനാല്‍ എംപിമാര്‍ക്കു പാര്‍ട്ടി, മുന്നണി ലൈന്‍ മറികടന്ന് വോട്ട് ചെയ്യാന്‍ സാധിക്കും. ക്രോസ് വോട്ടിങ് സാധ്യതയിലാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ജഗ്ദീപ് രാജിവെച്ചത്.