മുംബൈ എഡിജിപി ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു; വിശദമായ അന്വേഷണത്തിന് പൊലീസ്
						
		
						
				
മുംബൈ എഡിജിപി ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു; വിശദമായ അന്വേഷണത്തിന് പൊലീസ്
			
		          
	  
	
		
										
								
																	മഹാരാഷ്ട്ര സർക്കാരിന്റെ തീവ്രവാദ വിരുദ്ധ സേന മുൻ തലവൻ ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു.
ദക്ഷിണ മുംബൈയിലുള്ള സ്വന്തം വീട്ടിൽ വെച്ച് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
									
			
			 
 			
 
 			
					
			        							
								
																	ഉച്ചയ്ക്ക് 1.40ഓടെയായിരുന്നു സംഭവം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ വീട്ടിലെത്തി പരിശോധനകൾ നടത്തിയ ശേഷമാണ് ഹിമാൻഷു റോയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മരണത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
									
										
								
																	ക്യാൻസർ രോഗ ബാധിതനായിരുന്ന ഹിമാൻഷു റോയ് കഴിഞ്ഞ കുറേ നാളുകളായി അവധിയിലായിരുന്നു. രോഗം ഭേദമാകില്ലെന്ന മനോവിഷമത്തിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
									
											
							                     
							
							
			        							
								
																	രാജ്യം ശ്രദ്ധിച്ച നിരവധി കേസ് അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ് എഡിജിപി റാങ്കിലുള്ള ഹിമാൻഷു റോയ്. ശ്രീശാന്ത് ഉൾപ്പെട്ട ഐപിഎൽ വാതുവയ്പ്പ് കേസ്, മുംബൈ ഭീകരാക്രമണം, മാധ്യമപ്രവർത്തകൻ ജ്യോതിർമയി ഡേ വധം, യുവ അഭിഭാഷക പല്ലവി പുർകയാസ്ഥ വധക്കേസ് തുടങ്ങിയവ അന്വേഷിച്ചത് ഹിമാൻഷു റോയ് ആണ്.
									
			                     
							
							
			        							
								
																	1988ലെ ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) ബാച്ച് അംഗമാണ് ഹിമാൻഷു റോയ്.